കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തനായ അനുയായി. ഇപ്പോള്‍ ലീഡറുടെ മക്കളുമായി കൊമ്പുകോര്‍ക്കുകയാണ് ഉണ്ണിത്താന്‍.പത്മജ വേണുഗോപാല്‍ ബിജെപിയില്‍ എത്തിയതിനു പിന്നാലെ അതിരൂക്ഷമായ പ്രതികരണമാണ് ഉണ്ണിത്താന്‍ നടത്തിയത്. ഉണ്ണിത്താനും ബിജെപിയില്‍ ചേക്കേറുമെന്ന പത്മജയുടെ പ്രസ്താവനയായിരുന്നു ഉണ്ണിത്താനെ ചൊടിപ്പിച്ചത്.
എന്റെ അച്ഛന്‍ കെ കരുണാകരന്‍ അല്ല. മരിക്കും വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും. പത്മജ എന്നെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാന്‍. എന്നിങ്ങനെ അതിരൂക്ഷമായ പ്രതികരണമാണ് രാജ്‌മോഹന്‍ നടത്തിയത്.
കെ കരുണാകരനും മകന്‍ കെ മുരളീധരനും എതിരെ പരസ്യ പ്രതികരണവുമായി വീണ്ടും എത്തിയിരിക്കുകയാണ് ഉണ്ണിത്താന്‍. ഒരു ഓണ്‍ലൈന്‍ ചാനലിലൂടെയാണ് ഉണ്ണിത്താന്റെ തുറന്നുപറച്ചില്‍.ലീഡര്‍ക്ക് മകനെ വളര്‍ത്താനുള്ള ഏണിപ്പടി മാത്രമായിരുന്നു താനെന്നാണ് ഉണ്ണിത്താന്റെ വിമര്‍ശനം. കെ കരുണാകരന്‍ രാഷ്ട്രീയത്തിലെ കുലപതിയും ചാണക്യനുമൊക്കെയായിരുന്നു. എന്നാല്‍, കരുണാകരന്‍ അദ്ദേഹത്തിന്റെ മകനെ രാഷ്ട്രീയത്തില്‍ കൊണ്ടുവരാന്‍ ഉണ്ണിത്തന്റെ സേവനം വേണമായിരുന്നു. അത് കേരളത്തില്‍ എല്ലാവര്‍ക്കും അറിയാമെന്നും ഉണ്ണിത്താന്‍ പറയുന്നു.
മുരളീധരന്റെ ഭാവി പോലും ഇപ്പോള്‍ ഒട്ടും സുരക്ഷിതമല്ല. മുരളീധരന്‍, കരുണാകരനെയും കൊണ്ട് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയി ഡിഐസി രൂപീകരിച്ചു. കോണ്‍ഗ്രസിലേക്ക് കരുണാകരന്‍ തിരിച്ചുവന്ന ശേഷം കുറേക്കാലം കഴിഞ്ഞാണ് മുരളീധരന്‍ മടങ്ങിവന്നത്. തിരിച്ചുവന്നപ്പോള്‍ രമേശ് ചെന്നിത്തലയായിരുന്നു കെപിസിസി പ്രസിഡന്റ്. എല്ലാവരും മുരളീധരന്റെ വരവിനെ എതിര്‍ത്തു. അന്നു മുരളീധരന്‍ പറഞ്ഞത്, എനിക്ക് മൂന്നു രൂപയുടെ മെമ്പര്‍ഷിപ്പ് മാത്രം മതി എന്നാണ്. ഉണ്ണിത്താന്‍ പറയുന്നു.
കോണ്‍ഗ്രസിലെ ഭാഗ്യമില്ലാത്തയാളാണ് താനെന്നും ഉണ്ണിത്താന്‍ പറയുന്നു. നേരത്തെ തന്നെ എംഎല്‍എയോ എംപിയോ കേന്ദ്രമന്ത്രിയോ ആകേണ്ട ആളായിരുന്നു. മറ്റുള്ളവര്‍ക്ക് കിട്ടിയ അവസരം എനിക്ക് കിട്ടിയില്ല. ഞാന്‍ ആരുടെയും പെട്ടി പിടിച്ചിട്ടില്ല, പാദസേവയും ചെയ്തിട്ടില്ല. ഉണ്ണിത്താന്‍ തുറന്നുപറയുന്നു.
20 ഓളം മലയാള സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഉള്ളതിനേക്കാള്‍ നല്ല അഭിനേതാക്കള്‍ രാഷ്ട്രീയത്തിലുണ്ട്. അവര്‍ ഏതു വേഷവും കെട്ടും. രാഷ്ട്രീയം ഒരു ചെകുത്താന്റെ അവസാന അഭയ കേന്ദ്രം എന്നു പറയുന്നതുപോലെ, രാഷ്ട്രീയത്തില്‍ തൊലിക്കട്ടിയുള്ളവര്‍ക്ക് എന്തുമാകാം. എനിക്കത് ഇല്ലാതെ പോയതാകും പ്രശ്നം. ഞാന്‍ കുലദൈവങ്ങളില്‍ വിശ്വസിക്കുന്നയാളാണ്. ആരെയും ഭയമില്ല. കാര്യങ്ങള്‍ വെട്ടി തുറന്നു പറയും
കഴിഞ്ഞ കുറേക്കാലമായി കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ എന്റെ രാഷ്ട്രീയ വളര്‍ച്ചയെ തടയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, സ്വന്തമായ അധ്വാനം കൊണ്ടും ചിലരുടെ സഹായം കൊണ്ടുമാണ് ഇവിടെ വരെ എത്തി നില്‍ക്കുന്നതെന്നും ഉണ്ണിത്താന്‍ പറയുന്നു.