''ആരോപണങ്ങളെ നേരിടാൻ ചങ്കൂറ്റമുണ്ട്,പക്ഷെ വിഷമിപ്പിക്കുന്നത് അമ്മ സംഘടനയെ ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമം'': ഇടവേള ബാബു

അമ്മ സംഘടനയെ തകർക്കാനുള്ള ചിലരുടെ കരുക്കൾ മാത്രമാണ് തങ്ങളെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞു.

author-image
Greeshma Rakesh
New Update
idavela babu

idavela babu

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സിനിമാ താരങ്ങൾക്ക് നേരെ ഉയർന്നു വന്ന ആരോപണങ്ങളിലും അമ്മ ഭാരവാഹികളുടെ കൂട്ടരാജിയിലും പ്രതികരിച്ച് നടൻ ഇടവേള ബാബു.അമ്മ സംഘടനയെ തകർക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ചിലർ പ്രവർത്തിക്കുന്നുണ്ടെന്നും തനിക്ക് വന്ന കോളുകൾ എല്ലാം ആശങ്കയോടു കൂടിയുള്ളതാണെന്നുമാണ് ഇടവേള ബാബുവിന്റെ പ്രതികരണം.അമ്മ സംഘടനയെ തകർക്കാനുള്ള ചിലരുടെ കരുക്കൾ മാത്രമാണ് തങ്ങളെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞു.

“എനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ നേരിടാൻ എനിക്ക് ചങ്കൂറ്റമുണ്ട്. അതല്ല എന്നെ വിഷമിപ്പിക്കുന്നത്. അമ്മ സംഘടനയെ ഇല്ലാതാക്കാൻ ചില ശ്രമിക്കുന്നു. അമ്മ നശിച്ചു കാണാൻ ആഗ്രഹിക്കുന്ന ചിലർ ഉണ്ട്. മലയാള സിനിമയിലെ ആദ്യത്തെ 50 പേരെ എടുത്തുകഴിഞ്ഞാൽ അവർക്ക് അമ്മ സംഘടന ഇല്ലെങ്കിലും പ്രശ്നമില്ല. അവർക്ക് ജീവിക്കാനുള്ള സാമ്പത്തികം ഉണ്ട്. അമ്മയെ തെറി വിളിക്കുന്നവർ അതിന്റെ ഉള്ളറയിൽ വന്ന് പരിശോധിച്ചാൽ അത് പറയില്ല. അമ്മയുടെ ഭരണസമിതി രാജിവച്ചു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ എനിക്ക് വന്ന കോളുകളെല്ലാം ആശങ്ക നിറഞ്ഞതായിരുന്നു. ഒരുപാട് പേർ അമ്മയെ ആശ്രയിച്ച് ജീവിക്കുന്നവരുണ്ട്. അവരുടെ ഭാവി എന്താകും, അവരെ ഏറ്റെടുക്കാൻ ആരെങ്കിലും ഉണ്ടാകുമോ, അവർക്ക് ഒരു രോഗം വന്നാൽ എന്ത് ചെയ്യും. ഇങ്ങനെയുള്ള ആശങ്കകൾ ആയിരുന്നു അവർക്ക് പങ്കുവെക്കാൻ ഉണ്ടായിരുന്നത്. അമ്മ സംഘടനയെ തകർക്കുക എന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ട്. അതിന്റെ കരുക്കളാണ് ഞങ്ങളൊക്കെ. സാരമില്ല, അതിനെ നേരിടാതെ പറ്റില്ലല്ലോ. നമ്മളെ അറിയാവുന്ന കുറെ പേരുണ്ട്. അവരൊക്കെ നമ്മുടെ ഒപ്പമുണ്ട്”.

“എന്തിനോ വേണ്ടി കാത്തിരിക്കുന്ന ചിലർ. അവർക്ക് കുറച്ചു സമാധാനം കിട്ടിയിട്ടുണ്ടാവും. അതെല്ലാം തിരിച്ചുപിടിക്കും. ഞങ്ങളുടെ ലക്ഷ്യം കൃത്യമാണ്, അതുകൊണ്ട് മാർഗം തന്നെ വന്നുകൊള്ളും. ചില ഘട്ടങ്ങളിൽ ഇതുപോലുള്ള കുറെ അപവാദങ്ങൾ കേൾക്കേണ്ടിവരും. അമ്മ സംഘടനയിലെ പകുതിയോളം പേർ സ്ത്രീകളാണ്. അവരെയെല്ലാം അപമാനിക്കുന്നതിൽ വിഷമമുണ്ട്. എത്രയോ പെൺകുട്ടികൾ എന്റെ കൂടെ വർക്ക് ചെയ്യുന്നു. അവരൊന്നും ഇങ്ങനെ ഒരു ആരോപണവും പറഞ്ഞിട്ടില്ല. ഹരിഹരൻ സാറിന്റെ പേര് വരെ പറഞ്ഞു, പാവമുണ്ട്. അമ്മയെ തകർക്കുക എന്നതാണ് ഇതിനെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ ഒരേയൊരു ലക്ഷ്യം. ഇതിന്റെ ഭാരവാഹികളെയെല്ലാം കുടുക്കുക എന്നതാണ് ലക്ഷ്യം. ഏത് അന്വേഷണത്തിനും സഹകരിക്കാൻ തയ്യാറാണ്. തുടർന്ന് നടപടികൾ എന്താണെന്ന് വെച്ചാൽ ഞാൻ ചെയ്യും”.

“എല്ലാ ഭാഗത്തുനിന്നും ഒരു അടി വരുമ്പോൾ സ്വാഭാവികമായും ലാലേട്ടന് രാജിവെക്കണമെന്ന് തോന്നിയിട്ടുണ്ടാവും. മോഹൻലാലിനോ മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ അമ്മയുടെ ആവശ്യമില്ല. പക്ഷേ അവരെ അമ്മയ്‌ക്ക് ആവശ്യമാണ്. ഇപ്പോൾ ഒരു പ്രതിസന്ധിഘട്ടമാണ്. പക്ഷേ പുതിയ നേതൃത്വം അമ്മയ്‌ക്ക് വരും. സാമ്പത്തികമായി ഈ സംഘടന ഇപ്പോൾ നല്ല രീതിയിലാണ് നിലനിൽക്കുന്നത്. ഈ സംഘടനയിലെ ഒന്നുമില്ലാത്തവർ ഭയപ്പെടേണ്ട ആവശ്യമില്ല. അവർക്ക് എല്ലാം ഒന്നാം തീയതിയും പെൻഷൻ നൽകും, വൈദ്യസഹായം നൽകും. ഒരു സിസ്റ്റം അമ്മ സംഘടനയ്‌ക്ക് ഉണ്ടാക്കി വച്ചിട്ടുണ്ട്. അതുകൊണ്ട് അത്തരം സഹായങ്ങൾ ഒന്നും മുടങ്ങില്ല”- ഇടവേള ബാബു പറഞ്ഞു.

 

amma association hema committee report idavela babu malayalam cinema