/kalakaumudi/media/media_files/2024/10/28/z9rENgA8VXJTbFb6192Q.jpeg)
2020ൽ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച കോടതി വിധിയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ. തന്റെ ജീവിതം അപകടത്തിലാണെന്നും ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും ഹരിത പറഞ്ഞു.
വിചാരണ സമയത്ത് ഭീഷണി നേരിട്ടിരുന്നുവെന്നും ഹരിത പറഞ്ഞു. നിന്നെയും കൊല്ലും എന്നായിരുന്നു ഭീഷണി. ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവർക്ക് ഈ ശിക്ഷ കൊടുത്തതിൽ എനിക്ക് തൃപ്തിയില്ല. വധശിക്ഷ കൊടുക്കണം. കൂടുതൽ ശിക്ഷയ്ക്ക് അപ്പീൽ പോകുമെന്നും ഹരിത പറഞ്ഞു. അതേസമയം ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരായെന്നായിരുന്നു അച്ഛന്റെയും പ്രതികരണം.
പ്രതികളായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. അരലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് കോടതി നിർദേശം. ഈ തുക മരിച്ച അനീഷിന്റെ ഭാര്യക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. അതേസമയം വിധി വന്നതിന് ശേഷവും ഒരു കൂസലുമില്ലാതെയാണ് പ്രതികൾ കോടതിക്ക് പുറത്തേക്ക് വന്നത്.