നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ വാർത്താസമ്മേളനം വൈകിട്ട്. ഫേസ്ബുക്ക് കുറിപ്പിലാണ് പി വി അൻവർ ഇക്കാര്യം അറിയിച്ചത്. ഇന്ന് വൈകിട്ട് നാലരക്ക് മാധ്യമങ്ങളെ കാണുമെന്നാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അൻവർ പറയുന്നത്. “നീതിയില്ലെങ്കിൽ നീ തീയാവുക” എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
‘വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ.. വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണും’. പി വി അൻവറിന്റെ ഫേസ്ബുക്കിലെ കുറിപ്പ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എഡിജിപി എം ആർ അജിത്കുമാറിനെനെതിരെയും രൂക്ഷ വിമർശനങ്ങളുമായാണ് പി വി അൻവർ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ വിശ്വസ്തർ കുഴിയിൽ ചാടിക്കുന്നുവെന്നും എം ആർ അജിത്കുമാർ നോട്ടോറിയസ് ക്രിമിനലാണെന്നും അയാൾ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങൾ പി വി അൻവർ ഉയർത്തിയിരുന്നു.