ചോരകിട്ടിയാല്‍ നക്കിക്കുടിക്കും; ആരാണ് കുറുവ സംഘം

വളരെ അപകടകാരികളാണ് കുറുവ സംഘം! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് കുറുവ മോഷണ സംഘമാണ്. ആലപ്പുഴയിലെ മോഷണകേസില്‍ പ്രതികളായ കുറുവ സംഘത്തെ തേടി എറണാകുളത്തെത്തിയ പൊലീസിനെ കുറുവ സംഘം ആക്രമിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

author-image
Rajesh T L
New Update
alapuzha

വളരെ അപകടകാരികളാണ്  കുറുവ സംഘം! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറയുന്നത് കുറുവ മോഷണ സംഘമാണ്.ആലപ്പുഴയിലെ മോഷണകേസില്‍ പ്രതികളായ കുറുവ സംഘത്തെ തേടി എറണാകുളത്തെത്തിയ പൊലീസിനെ കുറുവ സംഘം ആക്രമിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. കൈവിലങ്ങോടെ നഗ്‌നനായി കുറ്റികാട്ടിലൊളിച്ച കുറുവ സംഘാംഗത്തെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്.

ഈ സാഹചര്യത്തില്‍ എല്ലാവരും തിരയുന്ന ഒരു ചോദ്യമുണ്ട്. ആരാണ് കുറുവ.... ആയുധധാരികളായ മോഷ്ടാക്കളുടെ സംഘമെന്ന അര്‍ഥത്തില്‍ തമിഴ്‌നാട് ഇന്റലിജന്‍സ് ആണ് കുറുവ സംഘമെന്ന പേരിട്ടത്.തമിഴ്‌നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജി നഗറാണ്  പണ്ട് തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരുന്നത്.ഈ ഗ്രാമവാസികളെ കുറുവ സംഘമെന്ന് വിളിച്ചു. എന്നാല്‍ ഇപ്പോഴത്തെ കുറുവ സംഘത്തിലുള്ളവര്‍ ഒരേ ഗ്രാമക്കാരല്ല.തമിഴ്‌നാട്ടില്‍ തന്നെ ഒട്ടേറെ കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങള്‍ ഉണ്ട്.അവിടെ നിന്നുള്ളവരെല്ലാം ഈ സംഘത്തിലുണ്ട്.

ഏത് ഇരുട്ടിലും ഒളിച്ചിരിക്കും,വീടുകളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിക്കും. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കും. ചിലപ്പോള്‍ ജീവനെടുക്കും. വെറും മോഷ്ടാക്കളല്ല, അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം. അര്‍ധനഗ്‌നരായി, മുഖം മറച്ച്, ശരീരമാസകലം എണ്ണ തേച്ചെത്തുന്ന സംഘം മലയാളിക്ക് എന്നും പേടിസ്വപ്നമാണ്.

ഒന്നോ രണ്ടോ പേരല്ല, നൂറോളം പേരുള്ള കവര്‍ച്ചക്കാരുടെ വലിയ കൂട്ടമാണിത്. പക്ഷേ ഒരു സ്ഥലത്ത് മോഷ്ടിക്കാന്‍ പോകുന്നത് പലപ്പോഴും മൂന്ന് പേര്‍ ഒരുമിച്ചായിരിക്കും.പതിനെട്ടുവയസുമുതല്‍ 60 വയസ് വരെയുള്ളവര്‍ ഈ സംഘത്തിലുണ്ട്. ഇവര്‍ക്ക് മോഷണം കുലത്തൊഴിലാണ്. അവര്‍ക്കത് ഒരു തെറ്റല്ല. മോഷണത്തില്‍ നിന്നവരെ പിന്തിരിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ വീടുകള്‍ ഉള്‍പ്പെടെ കൊടുത്തിട്ടും കാര്യമുണ്ടായില്ല.പാരമ്പര്യമായി കൈമാറി കിട്ടിയ മോഷണ തന്ത്രങ്ങളും മെയ്ക്കരുത്തും ആധുനിക സാങ്കേതിക വിദ്യയുടെ സൂക്ഷ്മമായ ഉപയോഗവുമെല്ലാമാണ് ഇവരെ ശക്തരാക്കുന്നത്.

പകല്‍ ആക്രിപെറുക്കല്‍, തുണി വില്‍ക്കല്‍ പോലെ ചെറിയ ജോലിയൊക്കെ ചെയ്ത് നടക്കും. അപ്പോഴാണ് മോഷ്ടിക്കേണ്ട വീടുകള്‍ നിരീക്ഷിച്ച് കണ്ടെത്തുന്നത്. രാത്രിയാണ് മോഷണം. ഏത് ഇരുട്ടും ഇവര്‍ക്ക് പ്രശ്‌നമല്ല. മോഷ്ടിക്കാന്‍ പോകുന്നതിനും ചില രീതികളുണ്ട്.കണ്ണുകള്‍ മാത്രം പുറത്ത് കാണുന്ന രീതിയില്‍ തോര്‍ത്തുകൊണ്ട് മുഖം മറയ്ക്കും.ഷര്‍ട്ടും ലുങ്കിയും അരയില്‍ ചുരുട്ടിവച്ച് ഒരു നിക്കറിടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനായി ശരീരം മുഴുവന്‍ എണ്ണയും പിന്നെ കരിയും തേയ്ക്കും.ഇതിനെല്ലാം പുറമെ കമ്പും വടിയും വാളും അടക്കമുള്ള ആയുധങ്ങളും കരുതിയിട്ടുണ്ടാവും.മോഷണശ്രമത്തിനിടെ പിടിക്കപ്പെടുമെന്നുറപ്പായാല്‍ ആക്രമണം ഉറപ്പാണ്. മോഷ്ടിക്കാനായി കൊല്ലാന്‍ പോലും മടിക്കില്ല. തമിഴ്‌നാടന്‍ തിരുട്ടു ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണിതെന്നാണ് പോലീസ് പറയുന്നത്.

വീടിന്റെ അടുക്കളഭാഗം കേന്ദ്രീകരിച്ചാണ് ഇവര്‍ മോഷണത്തിനു നീക്കം നടത്തുന്നത്. താരതമ്യേന ഉറപ്പുകുറഞ്ഞ വാതിലുകളാവും അടുക്കള ഭാഗത്ത് സ്ഥാപിച്ചിട്ടുള്ളത്.അതുകൊണ്ട് ഇതു തകര്‍ക്കാന്‍ എളുപ്പത്തില്‍ കഴിയുന്നതിനാലാണ് ഈ ഭാഗം തിരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു വഴി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കിയോ ടാപ്പ് തുറന്നുവിട്ടോ വീട്ടുകാരെ പുറത്തേക്കിറക്കുന്നതാണ്. അങ്ങനെ പുറത്തിറങ്ങുന്നവരെ ആക്രമിച്ച് വീടിനകത്തേക്ക് കയറി മോഷണം നടത്തും. ചിലപ്പോള്‍ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയും സ്വര്‍ണവും പണവും ഇവര്‍ കൈക്കലാക്കാറുണ്ട്.സ്ത്രീകളുടെ ശരീരത്തിലെ ആഭരണം മുറിച്ചെടുക്കാന്‍ പ്രത്യേക കത്രികയും ഇവര്‍ക്കുണ്ട്.

കുറുവാ സംഘത്തില്‍പ്പെട്ട മൂന്നുപേരെ 2021ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2010ല് മലപ്പുറത്തുനിന്നും മൂന്നുപേരടങ്ങുന്ന സംഘത്തെയും 2008 ല്‍ പാലക്കാട് നിന്നും 10 അംഗ സംഘത്തെയും അറസ്റ്റ് ചെയ്തു. പക്ഷേ ജാമ്യത്തില്‍വിട്ട ഇവരെ പിന്നീട് പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. കവര്‍ച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലെ തിരുട്ട്ഗ്രാമങ്ങളില്‍ താമസിക്കുന്നതാണ് ഇവരുടെ രീതി.

ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം വിലസുകയാണ്.പത്തിലേറെ വീടുകളില്‍ കള്ളന്‍ കയറി. രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.ചൊവ്വാഴ്ച മാത്രം കയറിയത് മൂന്ന് വീടുകളിലാണ്. കോമളപുരം നായ്ക്കാംവെളി അജയകുമാറിന്റെ അയല്‍വാസി മരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് രാത്രി നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും മോഷ്ടാക്കള്‍ കയറി.

മണ്ണഞ്ചേരിയില്‍ രണ്ടു വീടുകളില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകള്‍ കവര്‍ന്നു. ഒരാളുടെ മൂന്നരപ്പവന്‍ സ്വര്‍ണം നഷ്ടമായി. ഒരാളുടെ മാല മുക്കുപണ്ടമായിരുന്നതിനാല്‍ വലിയ നഷ്ടം ഒഴിവായി. രണ്ടു വീടുകളില്‍ മോഷണശ്രമവും നടന്നു.ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു മോഷ്ടാക്കളുടെ വിളയാട്ടം.

പൊലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. മോഷ്ടാക്കളുടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. നിലവില്‍ ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബുവിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് സംഭവം അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. റെസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെയും സംഘടനകളുടെയുമെല്ലാം സഹായത്തോടെ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കി.

അടുക്കള വാതില്‍ പൊളിച്ച് അകത്തു കടക്കല്‍, വസ്ത്രധാരണം, സ്ത്രീകളുടെ മാത്രം മാല പൊട്ടിക്കല്‍ തുടങ്ങിയ മോഷണ രീതികളിലൂടെ ഇത് കുറുവാ സംഘമാണെന്ന് തോന്നുമെങ്കിലും ആലപ്പുഴയിലേത് കുറുവാ സംഘത്തെ അനുകരിക്കുന്ന പ്രാദേശിക കള്ളന്‍മാരാകാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. നാട്ടുകാര്‍ക്കുപോലും സംശയമുണ്ടാക്കുന്ന വഴികളുള്ള ഉള്‍പ്രദേശം കവര്‍ച്ചയ്ക്കു തിരഞ്ഞെടുത്തതാണ് സംശയത്തിനുള്ള പ്രധാന കാരണം. പുറത്തുനിന്നുവരുന്നവരാണെങ്കില്‍ പെട്ടെന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന ചോദ്യവും ഉയരുന്നുണ്ട്.

തമിഴ്‌നാടുകാരാണെങ്കിലും കേരള തമിഴ്‌നാട് അതിര്‍ത്തിയും കമ്പം, ബോഡിനായ്ക്കന്നൂര്‍,കോയമ്പത്തൂര്‍,മധുര,തഞ്ചാവൂര്‍ എന്നിവയുമൊക്കെ ഇവരുടെ താവളങ്ങളാണ്.ആദ്യം പാലക്കാടും പിന്നെ കോഴിക്കോടുമായി കേരളത്തില്‍ പലയിടത്തും നേരത്തെയും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. സാമ്പത്തിക വ്യത്യാസമില്ലാതെ സ്ത്രീകള്‍ സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നതുകൊണ്ടാണ് കേരളം ഇവര്‍ തിരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഭയം വേണ്ട ജാഗ്രത മതിയെന്നാണ് പോലീസ് പറയുന്നത്. രാത്രിയില്‍ അടുക്കള വാതില്‍ അടച്ചെന്നും ഉറപ്പാക്കണം,അസമയത്ത് എന്തെങ്കിലും തരത്തിലുള്ള ശബ്ദം കേട്ടാല്‍ തനിച്ച് വാതില്‍ തുറന്ന്പുറത്തിറങ്ങരുത്,ഈ വിവരം പോലീസിനെ അറിയിക്കണം. വീടിന്റെ പരിസരങ്ങളില്‍ വേണ്ടത്ര വെളിച്ചം ഉണ്ടെന്നും ഉറപ്പാക്കണം എന്നിവയാണ് പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.

keralapolice gang attack