ഐഎഫ്എഫ്‌കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ആന്‍ ഹുയിക്ക്

ഡിസംബര്‍ 13ന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും

author-image
Prana
New Update
ann hui

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 29-മത് ഐ.എഫ്.എഫ്.കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം വിഖ്യാത ഹോങ്കോങ് സംവിധായികയും തിരക്കഥാകൃത്തും നിര്‍മ്മാതാവും നടിയുമായ ആന്‍ ഹുയിക്ക്. പത്തുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബര്‍ 13ന് വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. 29ാമത് ഐ.എഫ്.എഫ്.കെയില്‍ ആന്‍ ഹുയിയുടെ അഞ്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ജൂലൈ റാപ്‌സഡി, ബോട്ട് പീപ്പിള്‍, എയ്റ്റീന്‍ സ്പ്രിങ്‌സ്, എ സിമ്പിള്‍ ലൈഫ്, ദ പോസ്റ്റ് മോഡേണ്‍ ലൈഫ് ഓഫ് മൈ ഓണ്‍ട് എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഏഷ്യയിലെ വനിതാ സംവിധായികമാരില്‍ പ്രധാനിയായ ആന്‍ഹുയി ഹോങ്കോങ് നവതരംഗപ്രസ്ഥാനത്തിന്റെ മുഖ്യപ്രയോക്താക്കളിലൊരാളാണ്. 2020ല്‍ നടന്ന 77ാമത് വെനീസ് ചലച്ചിത്രമേളയില്‍ ആയുഷ്‌കാല സംഭാവനയ്ക്കുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയിരുന്നു. 1997ലെ 47ാമത് ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ ബെര്‍ലിനാലെ ക്യാമറ പുരസ്‌കാരം, 2014ലെ 19ാമത് ബുസാന്‍ മേളയില്‍ ഏഷ്യന്‍ ഫിലിം മേക്കര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, ന്യൂയോര്‍ക്ക് ഏഷ്യന്‍ ചലച്ചിത്രമേളയില്‍ സ്റ്റാര്‍ ഏഷ്യ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് എന്നിങ്ങനെ മുന്‍നിരമേളകളിലെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ ആന്‍ ഹുയിക്ക് ലഭിച്ചിട്ടുണ്ട്.
2009ലാണ് ഐ.എഫ്.എഫ്.കെയില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. മൃണാള്‍സെന്‍, ജര്‍മ്മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗ്, സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറ, ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബെല്‌ളോക്യോ, ഇറാന്‍ സംവിധായകരായ ദാരിയുഷ് മെഹര്‍ജുയി, മജീദ് മജീദി, ചെക് സംവിധായകന്‍ ജിറി മെന്‍സല്‍, റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സോകുറോവ്, അര്‍ജന്റീനന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ്, ഫ്രഞ്ച് സംവിധായകന്‍ ഗൊദാര്‍ദ്, ഹംഗേറിയന്‍ സംവിധായകന്‍ ബേല താര്‍, പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസി തുടങ്ങിയവരാണ് ഇതുവരെ ഈ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റു പ്രതിഭകള്‍

 

CM Pinarayi viajan award IFFK