"ജാമ്യം ലഭിച്ചവര്‍ക്ക് ജാമ്യതുക കെട്ടിവയ്ക്കാന്‍ ഇല്ലാത്തതിനാല്‍ അവരുമായി സംസാരിക്കാന്‍ ഒരു ദിവസം കൂടി ജയിലില്‍ തങ്ങി" ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച പ്രതികളില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞ ചരിത്രം ഇന്ത്യ കണ്ടത് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ കാര്യത്തിലായിരിക്കാം.എന്തായാലും പണി പാളുമെന്ന് തിരിച്ചറിഞ്ഞ ബോചെ എല്ലാറ്റിനും മാപ്പ് പറഞ്ഞ് നിയമസംവിധാനത്തെ ബഹുമാനിക്കുമെന്ന ഉറച്ച നിലപാട് മാധ്യമങ്ങളിലൂടെ വ്യക്തമാക്കിക്കഴിഞ്ഞു.
മുതിര്‍ന്ന അഭിഭാഷകന്‍ രാമന്‍പിള്ള ഹാജരായതിനെത്തുടര്‍ന്ന് അടിയന്തര സാഹചര്യത്തില്‍ ജാമ്യകേസ് പരിഗണിച്ച ഹൈക്കോടതി ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് ശേഷം ജാമ്യം അനുവദിച്ചെങ്കിലും പുറത്തിറങ്ങാന്‍ തയാറാകാത്ത ബോചെയ്‌ക്കെതിരെ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ വടിയെടുത്തതോടെ ഇന്ന് രാവിലെ പത്തോടെ തിടുക്കപ്പെട്ട് പുറത്തിറങ്ങിയ ബോചെ മാധ്യമ പ്രവര്‍ത്തകരോട് പതിവ് ശൈലിയില്‍ പ്രതികരിക്കാതെ മടങ്ങിയശേഷം ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
കോടതിയെ കൂടുതല്‍ ചൊടിപ്പിച്ചത് ബോചെ ഫാന്‍സ് എന്ന ഒരു സംഘം ജയിലിന് മുന്നില്‍ നടത്തിയ പ്രകടനമാണ് എന്നുവേണമെങ്കില്‍ പറയാം.ഇപ്പോ പൊട്ടിക്കും.. ഹണി റോസിന്റെ ഹണി ട്രാപ്പാണിത്.എന്തായാലും പടക്കം പൊട്ടിക്കും സാറേ..' എന്നാണ് ബോബിക്ക് സ്വീകരണം നല്‍കാനെത്തിയ ആരാധകര്‍ പൊലീസിനെ വെല്ലുവിളിച്ചുകൊണ്ട് പറഞ്ഞത്.ഓള്‍ കേരള മെന്‍സ് അസോസിയേഷന്റെ ആളുകള്‍ എന്നവകാശപ്പെട്ട് എത്തിയവരാണ് ജയിലിന് പുറത്ത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്.ഇവരുടെ കയ്യില്‍ നിന്നും പടക്കം പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ജാമ്യം അനുവദിച്ചിട്ടും ജയിലില്‍ നിന്നും ഇറങ്ങാത്ത നടപടിയെ ഹൈക്കോടതി ഇന്ന് രൂക്ഷമായി വിമര്‍ശിച്ചു.ഇതിന് തൊട്ടു മുമ്പാണ് മിന്നല്‍ വേഗതയില്‍ നീക്കങ്ങള്‍ നടത്തിയ അഭിഭാഷകര്‍ ബോബിയെ പുറത്തിറക്കിയത്.മാധ്യമ ശ്രദ്ധക്ക് വേണ്ടിയാണ് ഇതെല്ലാം എന്ന് കോടതിക്കറിയാം.നാടകം കളിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ പറയുകയുണ്ടായി.ബോബിയെ അറസ്റ്റ് ചെയ്യാന്‍ പോലും ഉത്തരവിടാന്‍ കോടതിക്ക് കഴിയും.കോടതിക്ക് മുകളിലാണെന്ന തോന്നലുണ്ടെങ്കില്‍ അത് ശരിയല്ലെന്നും ഹൈക്കോടതി പറഞ്ഞുവച്ചു.
സഹതടവുകാര്‍ക്ക് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നാണ് ബോബിയുടെ വിശദീകരണം.''ജയിലില്‍ ജാമ്യത്തുക കെട്ടിവയ്ക്കാന്‍ സാധിക്കാതെ വിഷമിക്കുന്ന കുറച്ച് ആളുകളുണ്ട് അങ്ങനെ കുറച്ച് ആളുകള്‍ എന്നോട് വന്ന് സങ്കടം പറഞ്ഞു. പരിഹരിക്കാമെന്ന് ഞാനും പറഞ്ഞു.അതിനുളള സമയത്തിനുവേണ്ടി ഒരു ദിവസം കൂടി നിന്നതാണ്- ഇങ്ങനെയായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞിരുന്നത്.പിന്നീടാണ് തെറ്റ് ഏറ്റുപറയുകയും ബോബി ഇനി വായ തുറക്കില്ലെന്നും കോടതിയെ അറിയിച്ചത്.