അനധികൃത ബോർഡുകൾ: പിഴ ഈടാക്കാത്തത് രാഷ്ട്രീയക്കാരെ പേടിച്ചാണോയെന്ന് കോടതി

നഗരത്തിലാകെ അനധികൃതമായി ബോർഡ് വച്ചവരിൽനിന്ന് എന്തുകൊണ്ടാണ് പിഴ ഈടാക്കാത്തതെന്ന് ഹൈക്കോടതി.

author-image
Shyam Kopparambil
New Update

കൊച്ചി: നഗരത്തിലാകെ അനധികൃതമായി ബോർഡ് വച്ചവരിൽനിന്ന് എന്തുകൊണ്ടാണ് പിഴ ഈടാക്കാത്തതെന്ന് ഹൈക്കോടതി. രാഷ്ട്രീയക്കാരുടെ മുഖം കാണുമ്പോൾ പേടിയാണോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുമായി ബന്ധപ്പെട്ട ബോർഡായതിനാലാണോ കോർപ്പറേഷന് ഭയം. അങ്ങനെയാണെങ്കിൽ പറയണം. നടപ്പാതകളിലടക്കം അനധികൃതമായി ബോർഡുകളും കൊടികളും സ്ഥാപിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ആയിരത്തിലധികം ബോർഡുകൾ നഗരത്തിൽമാത്രം അനധികൃതമായി സ്ഥാപിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ഇതിൽ വനിതകൾക്ക് കുറഞ്ഞനിരക്കിൽ ഇരുചക്രവാഹനം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ബോർഡുകളും ഉണ്ടായിരുന്നു.
ഇത് സ്ഥാപിച്ചവരിൽനിന്ന് പിഴ ഈടാക്കിയോ എന്നാണ് കോടതി ആരാഞ്ഞത്. പിഴ ഈടാക്കിയിട്ടില്ലെന്നും ബോർഡുകൾവച്ചവർതന്നെ നീക്കംചെയ്തതായും കോർപ്പറേഷൻ അറിയിച്ചപ്പോഴാണ് പിഴ ഈടാക്കാൻ ഭയമാണോ എന്ന് കോടതി ചോദിച്ചത്.
അനധികൃതമായിവച്ച ബോർഡ് ഒന്നിന് 5000രൂപവീതം പിഴഈടാക്കിയാൽ കോർപ്പറേഷന് 500000രൂപ വരുമാനം ലഭിക്കില്ലേയെന്നും കോടതി ചോദിച്ചു. വെള്ളക്കെട്ട് അടക്കമുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഈ പണം ഉപയോഗിക്കാൻ കഴിയുമായിരുന്നുവെന്നും നിരീക്ഷിച്ചു.
അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോർഡുകളുടെ ഫോട്ടോകളടക്കമാണ് അമിക്കസ് ക്യൂറി കോടതിയിൽ ഹാജരാക്കിയത്.
വൈക്കത്തേയ്ക്കുള്ള റോഡിലും അനധികൃത ബോർഡുകളുണ്ട്. എന്താണ് നടപടി സ്വീകരിക്കാത്തതെന്നും ബെഞ്ച് ചോദിച്ചു. അനധികൃതബോർഡുകൾ വയ്യ്ക്കുന്ന പരസ്യഏജൻസികളെ വിലക്കണമെന്നും കോടതി പറഞ്ഞു. വിഷയം 24ന് വീണ്ടും പരിഗണിക്കും.

Ernakulam News