/kalakaumudi/media/media_files/2024/11/01/f3vhSnSEjHswCtJnV2Lm.jpg)
അനധികൃതമായി രാത്രികാല ട്രോളിംങ് നടത്തിയതിനും നിരോധിച്ച രീതിയിൽ മീൻ പിടിച്ചതിനും കോഴിക്കോട് ദേവീപ്രസാദം, സഹസ്രധാര എന്നീ ബോട്ടുകൾ ഫിഷറീസ് വകുപ്പ് പിടികൂടി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. പയ്യോളി വെള്ളിയാംകല്ല് ഭാഗത്ത് രാത്രി സമയത്ത് അനധികൃത മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് ബോട്ടുകള്‍ പിടിയിലായത്. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ് നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് പിഴ ഈടാക്കി. സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച മീന്‍ പിടുത്ത രീതിയായ കരവലി, നൈറ്റ് ട്രോളിങ് എന്നിവ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വലയ്ക്കും മറ്റും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല, ചെറിയ കണ്ണിയടുപ്പമുള്ള വലകള്‍ ഉപയോഗിച്ച് കരവലി നടത്തുന്നതിനാല്‍ വളരെ ചെറിയ മത്സ്യങ്ങള്‍ അടക്കം പിടികൂടി മത്സ്യ സമ്പത്ത് കുറയുന്നതിനും കാരണമാകും. ബേപ്പൂര്‍ ഫിഷറീസ് അസി. ഡയറക്ടര്‍ വി സുനീറിന്റെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ഓഫ് ഗാര്‍ഡ് ഷണ്‍മുഖന്‍ പി, ഫിഷറീസ് ഗാര്‍ഡുമാരായ അരുണ്‍, ബിബിന്‍, ജിതിന്‍ദാസ്, എലത്തൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ ഭുവനാഥന്‍, നൗഫല്‍, റെസ്‌ക്യൂ ഗാര്‍ഡുമാരായ മിഥുന്‍, ഹമിലേഷ് എന്നിവരും രാത്രികാല പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.