/kalakaumudi/media/media_files/2024/11/10/Lt0AToe0Cv8c42OTsOea.jpeg)
കോഴിക്കോട്: മത്സ്യസമ്പത്തിന് വിഘാതമാകുന്ന രീതിയില്‍ നിയമവിരുദ്ധ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട ഒരു ബോട്ടും എട്ട് വളളങ്ങളും ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും ചേര്‍ന്ന് പിടികൂടി 3,82,500 രൂപ പിഴ ഈടാക്കി. പുതിയാപ്പയുടെ പടിഞ്ഞാറ് ഭാഗത്ത് തീരത്തോടടുപ്പിച്ച് നിയമവിരുദ്ധമായി രാത്രികാല ട്രോളിംഗ് നടത്തിയതിന് മിര്‍സ എന്ന ബോട്ടും കടലില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിക്ഷേപിച്ച് കൃത്രിമപാര് സൃഷ്ടിച്ച് നടത്തുന്ന അശാസ്ത്രീയ മത്സ്യബന്ധനത്തിനിറങ്ങിയ കെ.പി.കെ സെന്റ് ആന്റണി, ജുനുമോന്‍, റബിന്‍മോന്‍ എന്ന തോണിയും മത്സ്യബന്ധന ലൈസന്‍സ്, കളര്‍കോഡ്, ജീവന്‍രക്ഷാ ഉപകരണങ്ങള്‍ എന്നിവയില്ലാതെ മത്സ്യബന്ധനം നടത്തിയ അല്‍-ഖൈറാത്ത് എന്ന തോണിയും രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ മത്സ്യബന്ധനം നടത്തിയ മൂന്ന് തോണികളുമാണ് കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ട് പ്രകാരം കസ്റ്റെഡില്‍ എടുത്തത്. കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ് നടപടികള്‍ പൂര്‍ത്തിയാക്കി പിഴ ഈടാക്കി. ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി സുനീറിന്റെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് സി. ഐ. ഷണ്‍മുഖന്‍, ഫിഷറീസ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍മാരായ ശ്യാം ചന്ദ്, ആതിര ഫിഷറീസ് ഗാര്‍ഡുമാരായ അരുണ്‍, ജിതിന്‍ദാസ്, ശ്രീരാജ്, ബിബിന്‍ എന്നിവരുള്‍പ്പെടെയുളള സംഘമാണ് ബേപ്പൂര്‍, പുതിയാപ്പ ഹാര്‍ബറുകളില്‍ പരിശോധന നടത്തിയത്. കര്‍ശനമായ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഫിഷറീസ് അസി. ഡയറക്ടര്‍ അറിയിച്ചു.