അനധികൃത മത്സ്യബന്ധനം: രണ്ട് വള്ളങ്ങള്‍ക്ക് പിഴ ചുമത്തി

മത്സ്യം ലേലം ചെയ്ത് ലഭിച്ച ഒന്‍പതിനായരത്തി എഴുന്നൂറ് രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും അനധികൃത മത്സ്യബന്ധനം നടത്തിയതിന് പിഴയായി മൂന്ന് ലക്ഷം രൂപ ഈടാക്കുകയും ചെയ്തു.

author-image
Prana
New Update
fishing boat

അഴീക്കോട്: തീവ്രതയേറിയ ലൈറ്റ് ഉപയോഗിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ വള്ളങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് ഫിഷറീസ് - മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോസ്റ്റല്‍ പോലീസ് സംയുക്ത സംഘം.അഴീക്കോട് ഫിഷറീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സീമയുടെയും മുനക്കകടവ് കോസ്റ്റല്‍ എസ്എച്ച്ഒ ഫര്‍ഷാദിന്റേയും നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആഴക്കടലില്‍ നടത്തിയ പരിശോധനയിലാണ് തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി സ്വദേശി കരീപ്പാടത്ത് വീട്ടില്‍ മനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള സൂര്യദേവന്‍, ഏങ്ങണ്ടിയൂര്‍ സ്വദേശി പുതുവീട്ടില്‍ നസീറിന്റെ ക്യാരിയര്‍ തുടങ്ങിയ വള്ളങ്ങള്‍ പിടിച്ചെടുത്തത്. പന്ത്രണ്ട് വാട്ട്‌സിന് താഴെ വെളിച്ചം ഉപയോഗിക്കാന്‍ അനുമതിയുള്ളിടത്ത് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്തി 4636 വാട്ട്‌സ് ലൈറ്റ് ഉപയോഗിച്ചായിരുന്നു അനധികൃത മീന്‍പിടുത്തം നടത്തിയത്.ഇവരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത് ലഭിച്ച ഒന്‍പതിനായരത്തി എഴുന്നൂറ് രൂപ സര്‍ക്കാരിലേക്ക് കണ്ടുകെട്ടുകയും അനധികൃത മത്സ്യബന്ധനം നടത്തിയതിന് പിഴയായി മൂന്ന് ലക്ഷം രൂപ ഈടാക്കുകയും ചെയ്തു.പ്രത്യേക പരിശോധന സംഘത്തില്‍ ചാവക്കാട് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രേഷ്മ, മുനക്കകടവ് കോസ്റ്റല്‍ പോലീസ് എസ് ഐമാരായ സുമേഷ് ലാല്‍, ലോഫിരാജ്, സിപിഒമാരായ നിധിന്‍, അനൂപ്, ബൈജു, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്റ് വിജിലന്‍സ് വിങ്ങ് ഉദ്യേഗസ്ഥരായ ഇ.ആര്‍ ഷിനില്‍കുമാര്‍, വി.എന്‍ പ്രശാന്ത് കുമാര്‍, വി.എം ഷൈബു എന്നിവര്‍ നേതൃത്വം നല്‍കി. സീറെസ്‌ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, സിജീഷ്, ഷെഫീക്ക്, സ്രാങ്ക് വിനോദ്, സുജിത്ത്, അഷറഫ്, മെക്കാനിക് ജയചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ മജീദ് പോത്തനൂരാന്‍ അറിയിച്ചു

boating