/kalakaumudi/media/media_files/2025/12/10/dileep-court-2025-12-10-13-21-25.jpg)
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ സുപ്രധാന വിവരങ്ങൾ വിധി പ്രസ്താവനത്തിനു മുൻപു തന്നെ ചോർന്നതായി സംശയം.
വിധിന്യായത്തിലെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഊമക്കത്ത് വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ സ്ഥിരീകരിച്ചു.
സെൻസിറ്റിവ് ആവ കേസിൽ നീതിന്യായ നടപടികളുടെ രഹസ്യ സ്വഭാവം ലംഘിക്കപ്പെട്ടെന്നു സംശയം ഉയർന്നതോടെ അസോസിയേഷൻ കത്ത് ചീഫ് ജസ്റ്റിസിനു കൈമാറി.
നടിയെ ആക്രമിക്കപ്പെട്ട കേസിൽ ഡിസംബർ എട്ടിനാണ് വിധി വന്നത്. അതിനുമുൻപേ ഈ കേസ്സിന്റെ വിധി പ്രസ്താവത്തെ പറ്റി 'ഒരു പൗരൻ 'എഴുതിയ കത്തിൽ ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി ഗോപാലകൃഷ്ണൻ എന്ന ദിലീപ്, ഒമ്പതാം പ്രതി സനൽകുമാർ എന്നിവരെ ഒഴിവാക്കുമെന്നും, ബാക്കിയുള്ള ആറ് പ്രതികൾക്കെതിരെ മാത്രമേ ശിക്ഷ ഉണ്ടാകുകയുള്ളൂ എന്നും അവകാശപ്പെട്ടിരുന്നു.
കത്തിൽ പരാമർശിച്ച പോലെ വരവണ്ണം വ്യത്യാസമില്ലാതെയാണ് കേസിലെ വിധി ഉണ്ടായത്. ഇത്തരത്തിൽ ഒരുകത്ത് ലഭിച്ചതായി അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത് ഷേണായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് സ്ഥിരീകരിച്ചു.
ഉചിതമായ നടപടിക്കായി കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.
ജ്യൂഡീഷ്യറിയുടെ സത്‌പേരിന് കളങ്കമുണ്ടാകുന്നതാണ് സംഭവമെന്നും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങൾ എങ്ങനെയാണ് ചോർന്നതെന്ന് കണ്ടെത്താൻ അന്വേഷണം വേണമെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
