കേരളത്തില്‍ ആദ്യമായി അന്ധയായ വനിത ജഡ്ജി

2025-ല്‍ ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെ വിപ്ലവകരമായ വിധിയാണ് താന്യയുടെ ഈ നേട്ടത്തിന് വഴിയൊരുക്കിയത്.

author-image
Biju
New Update
THANYA 2

കൊച്ചി: അഭിഭാഷകയായ താന്യ നാഥന്‍ സി. കേരളത്തിന്റെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായി ജഡ്ജി പദവിയിലെത്തുന്ന കാഴ്ചപരിമിതിയുള്ള വനിതയായി ഉടന്‍ മാറും. പൂര്‍ണ്ണമായും അന്ധയായ താന്യ, കേരള ജുഡീഷ്യല്‍ സര്‍വീസിലെ സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) തസ്തികയിലേക്ക് അടുത്തിടെ നടന്ന പരീക്ഷയില്‍ ഭിന്നശേഷിക്കാരുടെ മെറിറ്റ് ലിസ്റ്റില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. സെറിബ്രല്‍ പാള്‍സി ബാധിച്ച ജോയ്‌സണ്‍ സാജന്‍ ഈ ലിസ്റ്റില്‍ രണ്ടാം റാങ്ക് നേടി.

2025-ല്‍ ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചിന്റെ വിപ്ലവകരമായ വിധിയാണ് താന്യയുടെ ഈ നേട്ടത്തിന് വഴിയൊരുക്കിയത്. 'കാഴ്ചപരിമിതിയുള്ളവര്‍ ജുഡീഷ്യല്‍ സര്‍വീസിന് അനുയോജ്യരല്ല എന്ന് പറയാനാകില്ലെന്നും അവര്‍ക്ക് ജഡ്ജി തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടെന്നും' കോടതി നിരീക്ഷിച്ചിരുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് നീതിന്യായ സേവനങ്ങളില്‍ തുല്യ അവസരം നല്‍കണമെന്നും വൈകല്യത്തിന്റെ പേരില്‍ മാത്രം ഒരാളെയും മാറ്റിനിര്‍ത്തരുതെന്നും കോടതി ഉത്തരവിട്ടു.

കേരളത്തില്‍ ഇതാദ്യമായാണ് കാഴ്ചപരിമിതിയുള്ള ഒരാള്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ വിജയിക്കുന്നത്. നിലവില്‍ കേരളത്തില്‍ ഇത്തരത്തില്‍ ജഡ്ജിമാരായി ആരുമില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഹൈക്കോടതി നടപടികള്‍ പൂര്‍ത്തിയാക്കി ലിസ്റ്റ് സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞു. നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

കാഴ്ചശക്തി ഒട്ടുമില്ലെങ്കിലും തന്റെ പരിമിതികളെ തോല്‍പ്പിച്ചാണ് 24-കാരിയായ താന്യ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത്. കണ്ണൂര്‍ തളിപ്പറമ്പില്‍ കെ.ജി. സുനില്‍കുമാറിന്റെ ജൂനിയറായാണ് പ്രാക്ടീസ് തുടങ്ങിയത്.

'എന്റെ സീനിയറും മറ്റുള്ളവരും നല്‍കിയ പ്രോത്സാഹനവും സുപ്രീം കോടതി വിധിയുമാണ് ഈ പരീക്ഷ എഴുതാന്‍ എനിക്ക് കരുത്തായത്. ബ്രെയിലി ലിപിയിലുള്ള പുസ്തകങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ നിയമം പഠിച്ചത്. ഇപ്പോള്‍ സ്‌ക്രീന്‍ റീഡിംഗ് സോഫ്റ്റ്വെയറുകള്‍ പോലുള്ള സാങ്കേതികവിദ്യകള്‍ ഞങ്ങളെപ്പോലുള്ളവരെ ഒരുപാട് സഹായിക്കുന്നുണ്ട്.'

ഒരു അഭിഭാഷക എന്ന നിലയില്‍ വാദമുഖങ്ങള്‍ ബ്രെയിലി ലിപിയിലാണ് ധാന്യ തയ്യാറാക്കാറുള്ളത്. പഴയ രേഖകള്‍ സോഫ്റ്റ്വെയറുകള്‍ക്ക് വായിക്കാന്‍ കഴിയാത്തത് ഒരു വെല്ലുവിളിയാണെങ്കിലും അത് മറികടക്കാന്‍ കഴിയുമെന്ന് ധാന്യക്ക് ആത്മവിശ്വാസമുണ്ട്.ധാന്യയുടെ നിയമനം കേരളത്തിലെ കോടതി മുറികള്‍, ഓഫീസുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഭിന്നശേഷി സൗഹൃദമാക്കാന്‍ ജുഡീഷ്യറിയെ പ്രേരിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.