/kalakaumudi/media/media_files/2025/04/14/rqgRXU5bVPw55f6DQEqv.jpg)
കോട്ടയം: കിഫ്ബി സിഇഒ സ്ഥാനത്തുനിന്ന് സ്വയം രാജിവയ്ക്കില്ലെന്ന് കെ.എം. ഏബ്രഹാം. താന്‍ പദവിയില്‍ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കിഫ്ബി ജീവനക്കാര്‍ക്ക് അയച്ച വിഷുദിന സന്ദേശത്തില്‍ കെ.എം. എബ്രഹാം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെ.എം. എബ്രഹാമിനെതിരെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേസിലെ ഹര്‍ജിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കലിന് തന്നോടുള്ള പൂര്‍വ വൈരാഗ്യമാണ് ഇപ്പോഴത്തെ നടപടികളില്‍ കലാശിച്ചതെന്നും കെ.എം. ഏബ്രഹാം പറയുന്നു. ഹര്‍ജിക്കാരന്‍ 2016ല്‍ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ദുരുപയോഗം ചെയ്തതിന് അന്ന് ധനവകുപ്പ് സെക്രട്ടറിയായിരുന്ന താന്‍ പിഴ ചുമത്തിയിരുന്നെന്നും അതിനുള്ള പ്രതികാരമാണ് ഈ കേസെന്നും കെ.എം. എബ്രഹാം പറയുന്നു.
ഒരു മുന്‍ വിജിലന്‍സ് ഡയറക്ടര്‍ തനിക്കെതിരെ മാധ്യമങ്ങളില്‍ ഉടനീളം അഭിമുഖം നല്‍കുന്നെന്നും അദ്ദേഹം ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നപ്പോള്‍ 20 കോടി രൂപയുടെ അഴിമതി നടന്ന കാര്യം ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന താന്‍ കണ്ടെത്തിയിരുന്നെന്നും കെ.എം. ഏബ്രഹാം പറയുന്നു. ഇതിന് പുറമേ മറ്റൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തുണ്ടായിരുന്ന ആള്‍ക്ക് എതിരെയും താന്‍ തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തിലുള്ള ആളുകളുടെ സംഘമാണ് തനിക്കെതിരെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും കെ.എം. എബ്രഹാം പറയുന്നു.
വരവു ചെലവു കണക്കുകളിലെ അന്തരം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും അതിനുള്ള മറുപടികള്‍ വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിച്ചിരുന്നെന്നും എന്നാല്‍ അതൊന്നും പരിഗണിക്കപ്പെട്ടില്ലെന്നും കെ.എം. ഏബ്രഹാം പറയുന്നു. പലരും ഇതിനോടകം തന്നെ തന്റെ രാജി ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ സ്വയം രാജി വയ്ക്കില്ലെന്ന് തീരുമാനിച്ചത് അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ വേണ്ടിയല്ലെന്നും മറിച്ച് ഹര്‍ജിക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണെന്നും കെ.എം. എബ്രഹാം വ്യക്തമാക്കുന്നു.