സെക്രട്ടേറിയറ്റില്‍ ടോയ്‌ലറ്റിലെ ക്ലോസറ്റ് പൊട്ടി വീണ് ജീവനക്കാരിക്ക് പരുക്ക്. തദ്ദേശ ഭരണവകുപ്പിലെ ഉദ്യോഗസ്ഥ സുമംഗലിക്കാണു പരുക്കേറ്റത്. ഇന്ന് ഉച്ചക്ക് ഭക്ഷണത്തിനുള്ള ഇടവേള സമയത്തായിരുന്നു അപകടം. കാലിന് ആഴത്തില്‍ മുറിവേറ്റതായാണ് റിപ്പോര്‍ട്ട്. സെക്രട്ടേറിയറ്റ് അനക്‌സ് ഒന്നിലെ ഒന്നാം നിലയിലെ ടോയ്‌ലറ്റിലാണ് അപകടം സംഭവിച്ചത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉദ്യോഗസ്ഥയെ പിന്നീട് വിദഗ്ധ ചികിത്സക്കായി കിംസ് ആശുപത്രിയിലേക്കു മാറ്റി. നേരത്തെ സീലിങ് പൊട്ടിവീണ് സെക്രട്ടേറിയറ്റ് ജീവനക്കാരനു പരുക്കേറ്റിരുന്നു.