തിരൂരിൽ റോഡിനു സ്ഥലം നൽകുന്നില്ല എന്നരോപിച്ചു അർദ്ധ രാത്രി ജെസിബി എത്തി വീടിന്റെ ചുറ്റു മതിലും ഗേറ്റും തകർത്തു

ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മരാമത്ത് വകുപ്പിന്റെ മീശപ്പടി – കോട്ടിലത്തറ റോഡരികിലുള്ള മുണ്ടശ്ശേരി മൊയ്തീൻകുട്ടിയുടെയും സഹോദരൻ അബ്ദുൽ ജലീലിന്റെയും വീടിന്റെ മതിലും ഗേറ്റുകളുമാണ് രാത്രിയെത്തിയ സംഘം പൊളിച്ചത്.

author-image
Anitha
New Update
sjlsjcsf

തിരൂർ : റോഡിനു സ്ഥലം വിട്ടു നൽകിയില്ലെന്നു കാട്ടി അർധരാത്രി ജെസിബികളുമായെത്തി ചുറ്റുമതിലും ഗേറ്റും തകർത്തതയായി കുടുംബങ്ങളുടെ പരാതി. തിരൂർ മീശപ്പടിയിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മരാമത്ത് വകുപ്പിന്റെ മീശപ്പടി – കോട്ടിലത്തറ റോഡരികിലുള്ള മുണ്ടശ്ശേരി മൊയ്തീൻകുട്ടിയുടെയും സഹോദരൻ അബ്ദുൽ ജലീലിന്റെയും വീടിന്റെ മതിലും ഗേറ്റുകളുമാണ് രാത്രിയെത്തിയ സംഘം പൊളിച്ചത്.

2 ജെസിബികളാണുണ്ടായിരുന്നത്. 150 മീറ്റർ മാറിയാണ് ഇരുവരുടെയും വീടുകളുള്ളത്. രാത്രി ഒന്നരയോടെ വലിയ ശബ്ദം കേട്ട് ഇരുവരും പുറത്തിറങ്ങിയെങ്കിലും മതിൽ പൊളിച്ചവർ വലിയ കല്ലുകൾ എടുത്ത് എറിഞ്ഞതോടെ കുടുംബത്തിലുള്ള ആർക്കും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയ സമയത്ത് സംഘം സ്ഥലത്തുനിന്നു മാറി.

പിന്നീട് പൊലീസ് പോയ ശേഷം വീണ്ടുമെത്തി. പുലർച്ചെ നാലര വരെ സംഘം ജെസിബിയുമായി പൊളിക്കൽ തുടർന്നു. മൊയ്തീൻകുട്ടിയുടെ സിമന്റ് കട്ട ഉപയോഗിച്ചു നിർമിച്ച 40 മീറ്ററോളം നീളമുള്ള മതിലും ഗേറ്റുമാണ് പൊളിച്ചിട്ടിരിക്കുന്നത്.

അബ്ദുൽ ജലീലിന്റെ 60 മീറ്ററോളം നീളമുള്ള പഴയ മതിലും ഗേറ്റും പൊളിച്ചിട്ടുണ്ട്.

2 മാസങ്ങൾക്കു മുൻപാണ് നിർമാണം കഴിഞ്ഞ റോഡിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് എത്തി നിർവഹിച്ചത്. പണി നടക്കുന്ന സമയത്ത് റോഡിനു സ്ഥലം വിട്ടു നൽകണമെന്ന് കുടുംബങ്ങളോടു പ്രദേശത്തുള്ള ചിലരെത്തി ആവശ്യപ്പെട്ടിരുന്നു. എന്നാൽ 20 സെന്റോളം സ്ഥലം വിട്ടു നൽകേണ്ടി വരുമെന്നും ഇതിനായി സർക്കാർ പണം നൽകാൻ തയാറാകണമെന്നും കുടുംബം പറഞ്ഞിരുന്നു.

ഇതു സാധിക്കില്ലെന്നും വേണമെങ്കിൽ മതിൽ വീണ്ടും കെട്ടി നൽകാമെന്നുമാണ് മരാമത്ത് വകുപ്പും മധ്യസ്ഥരായി വന്ന നാട്ടുകാരിൽ ചിലരും പറഞ്ഞത്. ഇതോടെ സ്ഥലം വിട്ടു നൽകാൻ സാധിക്കില്ലെന്ന് കുടുംബങ്ങൾ അറിയിച്ചിരുന്നു. തുടർന്ന് റോഡിന്റെ പണി നടക്കുകയും ഉദ്ഘാടനം കഴിയുകയും ചെയ്തു. 2 മാസത്തിനു ശേഷമാണ് ഇപ്പോൾ രാത്രി ചിലരെത്തി മതിൽ പൊളിച്ചത്. വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമെല്ലാം സംഭവത്തെ തുടർന്ന് പരിഭ്രാന്തരായെന്ന് മൊയ്തീൻകുട്ടിയും അബ്ദുൽ ജലീലും പറഞ്ഞു. പരാതിയെ തുടർന്ന് കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തി കേസെടുത്തിട്ടുണ്ട്.

house attack case thirur