incident of attack on a teacher in sn college
തിരുവനന്തപുരം: ചെമ്പഴന്തി എസ് എൻ കോളേജിൽ അദ്ധ്യാപകനെ ആക്രമിച്ച സംഭവത്തിൽ നാല് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യും.കോളേജ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.സസ്പെൻഡ് ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് നാളെ ഇറങ്ങും.അദ്ധ്യാപകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
പ്രതികളായ എസ്എഫ്‌ഐ പ്രവർത്തകർ നിലവിൽ ഒളിവിൽ കഴിയുകയാണ്.ഏഴ് വർഷം വരെ
തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബൈക്കുമായി കാമ്പസിനകത്തേക്ക് കയറിയത് ചോദ്യം ചെയ്തതിനാണ് വിദ്യാർത്ഥികൾ അദ്ധ്യാപകനെ ആക്രമിച്ചത്. അദ്ധ്യാപകൻ ഡോ. ബൈജുവിനെയാണ് വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തത്.
കാമ്പസുകളിലേക്ക് ബൈക്ക് കൊണ്ടുവരരുതെന്ന സർക്കാർ ഉത്തരവ് പാലിക്കാതെയാണ് വിദ്യാർത്ഥികൾ ബൈക്കുമായി കോളേജിലെത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട ബൈജു, വിദ്യാർത്ഥികളെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പ്രകോപിതരായ വിദ്യാർത്ഥികൾ അദ്ധ്യാപകനെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. അതേസമയം, അദ്ധ്യാപകനെതിരെ പ്രതികൾ വ്യാജ പരാതിയും നൽകിയിട്ടുണ്ട്.