മുതലമടയിൽ ആദിവാസി യുവാവിനെ മുറിയിൽ പൂട്ടിയിട്ട സംഭവം: പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം

വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭു ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം

author-image
Devina
New Update
attapadi_kerala_24jul


പാലക്കാട്: പാലക്കാട് മുതലമടയിലെ ഫാം സ്റ്റേയിൽ ആദിവാസിയെ ആറു ദിവസത്തോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ട് മർദ്ദിച്ച കേസിൽ മുഖ്യ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം. വെസ്റ്റേൺ ഗേറ്റ് വേയ്സ് ഉടമ പ്രഭുവിനെതിരെ കേസെടുത്തിട്ട് 10 ദിവസമായിട്ടും ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ആദിവാസി പ്രവർത്തകർ ഇന്ന് മുതലമടയിൽ പ്രതിഷേധ ധർണ നടത്തും.മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിലെ വെള്ളയനാണ് മർദ്ദനമേറ്റത്. മുതലമട ഊർക്കുളം വനമേഖലയിലെ ഫാംസ്റ്റേയിലെയാണ് സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങൾക്കു മുൻപ് തോട്ടത്തിൽ ജോലിക്ക് പോയതായിരുന്നു വെള്ളയൻ. ഈ സമയം പ്രദേശത്തെ ഫാം സ്റ്റേയിലെ പറമ്പിൽ ബിയർ കുപ്പി കിടക്കുന്നത് കണ്ട യുവാവ് അതെടുത്ത് കുടിച്ചു. ഇതോടെ ഫാംസ്റ്റേ ഉടമ വെള്ളയനെ മർദ്ദിക്കുകയും ഇരുട്ടു മുറിയിൽ പൂട്ടിയിട്ട് ആറു ദിവസത്തോളം പട്ടിണിക്കിടുകയുമായിരുന്നു. ശുചിമുറി പോലും ഇല്ലാത്ത മുറിയിൽ പ്രാഥമിക കൃത്യം പോലും നിർവഹിക്കാൻ യുവാവിന് കഴിഞ്ഞില്ല. ഫാംസ്റ്റേയിലെ ഒരു ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് മുതലമട പഞ്ചായത്ത് അംഗം കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാരും പോലീസും ചേർന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.