/kalakaumudi/media/media_files/2026/02/06/adhya-2026-02-06-11-09-50.jpg)
കൊല്ലം: ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിക്കാതിരുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. നെടുവത്തൂർ ഇവിഎച്ച്എസിലെ പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞതിൽ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. അധ്യാപികയെ തടഞ്ഞ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും നടപടി ആരംഭിച്ചിട്ടുണ്ട്.
ചട്ടങ്ങൾക്ക് വിരുദ്ധമായി അക്കാദമിക കാര്യങ്ങളിൽ ഇടപെട്ടതിനും അധ്യാപികയെ തടഞ്ഞ സംഭവത്തിലും മൂന്നുദിവസത്തിനകം വിശദീകരണം നൽകണമെന്ന് സ്‌കൂൾ മാനേജർക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർദേശം നൽകി. വിഷയത്തിൽ ഡിഇഒ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി. സ്‌കൂൾ പ്രഥമാധ്യാപിക സിന്ധു എസ്. നായരുടെ പരാതിയും മൊഴിയും പരിശോധിച്ചാണ് ഡിഇഒ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ചുരിദാർ ധരിക്കുന്നതുമായി ബന്ധപ്പെട്ട് മുൻപും പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നാണ് അധ്യാപികയുടെ മൊഴി. മാനേജർ വിഷയത്തിൽ പലപ്പോഴും ഇടപെട്ടിരുന്നു. അധ്യാപികമാർക്ക് ചുരിദാർ ധരിക്കാമെന്ന് സർക്കാർ ഉത്തരവുള്ളതായി മാനേജരെ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ്, സ്‌കൂളിൽ ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങളുമായെത്തിയ സമയത്ത് സെക്യൂരിറ്റി തന്നെ തടഞ്ഞുവച്ചതെന്നുമാണ് അധ്യാപികയുടെ മൊഴി.അതിനിടെ, പ്രധാനാധ്യാപിക സിന്ധുവിനെ തടഞ്ഞ സ്‌കൂൾ കാവൽക്കാരനെ മാനേജ്മെന്റ് പുറത്താക്കി.
പ്രധാനാധ്യാപികയെന്ന പരിഗണന നൽകാതെ അവഹേളിച്ചെന്ന് കണ്ടെത്തിയാണ് നടപടി. സുരക്ഷാ ജീവനക്കാരൻ ശശാങ്കനെയാണ് സ്‌കൂൾ മാനേജർ കെ സുരേഷ്‌കുമാർ പുറത്താക്കിയത്. സംഭവത്തിൽ സംഭവത്തിൽ അധ്യാപികയുടെ പരാതിയിൽ നേരത്തെ കൊട്ടാരക്കര പൊലീസ് സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാനാധ്യാപികയെ തടഞ്ഞതിനും മോശമായി പെരുമാറിയതിനുമാണ് കേസ്. ഇയാളെ പിന്നീട് ജാമ്യത്തിൽവിടുകയും ചെയ്തിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
