ഭാരതത്തിലെ യുവജനത നൂതന സംരംഭകരും ഗവേഷകരും ആവണം: ഡോക്ടർ സാബു തോമസ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകശാലയിലെ ഒരു പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്കിൻ്റെ ചെയർമാനും എംജി യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസറുമായ ഡോ. സാബു തോമസ്, വിവര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്താൽ വിദ്യാർഥികളിൽ വായനാശീലം കുറഞ്ഞു വരുന്നതിനുള്ള ആശങ്കയും പങ്കുവെച്ചു.

author-image
Shyam Kopparambil
New Update
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ഭാഗമായ കുട്ടനാട്ടിലെ കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് 2024 ജൂലൈ പതിമൂന്നാം തീയതി കൊച്ചി സർവകശാലയുടെ പ്രധാന ക്യാമ്പസിൽ വച്ച് നടത്തിയ ബിരുദ സമർപ്പണ ചടങ്ങ് നിർവഹിച്ച് ഡോ. സാബു തോമസ്, സർവകലാശാലയിൽ നിന്ന് പഠിച്ച് ബിരുദം നേടിയ വിദ്യാർത്ഥികൾ നൂതന സംരംഭകരും ഗവേഷകരും ആകേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി സംസാരിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകശാലയിലെ ഒരു പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്കിൻ്റെ ചെയർമാനും എംജി യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസറുമായ ഡോ. സാബു തോമസ്, വിവര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റത്താൽ വിദ്യാർഥികളിൽ വായനാശീലം കുറഞ്ഞു വരുന്നതിനുള്ള ആശങ്കയും പങ്കുവെച്ചു. ജനസംഖ്യ അടിസ്ഥാനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനത്തായ നമ്മുടെ രാജ്യത്തിൻറെ ശരാശരി പ്രായം 29 വയസ്സാണ്. യുവജനങ്ങൾ ധാരാളമുള്ള നമ്മുടെ രാജ്യത്തിന് വേണ്ടി ഒട്ടനവധി കാര്യങ്ങൾ ചെയ്യുവാൻ സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയ ബിരുദധാരികൾക്ക് സാധിക്കും എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. മൂല്യവത്തായ പേറ്റന്റുകളും പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുന്നതിലും മറ്റ് രാജ്യങ്ങളുമായി കിടപിടിക്കുന്നതിന് നമുക്ക് സാധിക്കേണ്ടതുണ്ട്. നമ്മുടെ ഗവേഷണ ഫലങ്ങൾ പ്രകൃതിയുടെ സഹജമായ സമരസതാ ഭാവത്തിന് അനുസൃതമാകേണ്ടതുണ്ട്.
ബിടെക്, എംസിഎ, പി എച്ച് ഡി തുടങ്ങിയ വിദ്യാഭ്യാസ പരിപാടികളിലെ 250 ഓളം ബിരുദധാരികൾക്കാണ് ഇന്ന് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ ബഹുമാന്യനായ വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ അധ്യക്ഷനായ ചടങ്ങിൽ വച്ച് ബിരുദ സമർപ്പണം നടന്നത്. ചടങ്ങിൽ, സർവകലാശാല രജിസ്ട്രാർ ഡോ. ശിവാനന്ദൻ ആചാരി സ്വാഗതവും കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കുട്ടനാടിന്റെ പ്രിൻസിപ്പൽ ആയ ഡോ. ആശാലത R നന്ദിയും പ്രകാശിപ്പിച്ചു. എഞ്ചിനീയറിങ് വിഭാഗത്തിലെ ഡീൻ ഡോ. നാരായണൻ നമ്പൂതിരിയും ടെക്നോളജി വിഭാഗത്തിലെ ഡീൻ ഡോ. കൈലാസ്നാഥും സർവകലാശാല റാങ്ക് ജേതാക്കൾക്കും ക്ലാസ് ടോപ്പർമാർക്കും ഉള്ള ബിരുദ സമർപ്പണത്തിന് സാക്ഷികളായി. കുട്ടനാട് ക്യാമ്പസിലെ വിവിധ വിഭാഗങ്ങളിലെ വകുപ്പ് തലവന്മാരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങൾ, മുൻ പ്രിൻസിപ്പൽമാർ തുടങ്ങിയ ക്ഷണിക്കപ്പെട്ട അതിഥികളും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും മറ്റ് ജീവനക്കാരും ഉൾപ്പെടെ 750 ഓളം പേർ ഈ ചടങ്ങിൽ പങ്കെടുത്തു. ബിടെക് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ സർവകലാശാല ഒന്നാം റാങ്കിന് അർഹനായ അഭിനവ് റിജിത്തിനും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒന്നാം റാങ്കിന് അർഹയായ എസ് അഞ്ജനയ്ക്കും പ്രത്യേക അനുമോദനവും ചടങ്ങിൽ നിർവഹിക്കപ്പെട്ടു.
കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കുട്ടനാട്ടിൽ കഴിഞ്ഞവർഷം ബിരുദം നേടിയ വിദ്യാർത്ഥികളിൽ അർഹരായ എല്ലാവർക്കും തന്നെ ക്യാമ്പസ് പ്ലേസ്മെൻ്റ് ലഭിച്ചിട്ടുണ്ട്.

ernakulam