വയനാട്ടില്‍ 100 വീടുകള്‍ വാഗ്ദാനം ചെയ്തുള്ള കര്‍ണാടക സര്‍ക്കാരിന്റെ കത്തിനോട് സംസ്ഥാന സര്‍ക്കാര്‍ നിസംഗത പുലര്‍ത്തിയത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വയനാട് പുനരധിവാസത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 100 വീടുകള്‍ നിര്‍മിച്ചുനല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തോട് ഒട്ടും ക്രിയാത്മകമായ പ്രതികരണമല്ല സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. കേരള സര്‍ക്കാര്‍ ചെയ്തത് വയനാടിനെ അവഗണിക്കുന്ന കേന്ദ്ര നിലപാടിനു തുല്യമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടക സര്‍ക്കാര്‍ അയച്ച കത്തിന് മറുപടി നല്‍കാന്‍ പോലും കേരളം തയാറായില്ലെന്നത് ഗുരുതരമായ സാഹചര്യമാണ്. ചീഫ് സെക്രട്ടറി നടത്തിയ കത്തിടപാടിന് മറുപടി കിട്ടാത്തതിനെ തുടര്‍ന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് കത്ത് എഴുതേണ്ടി വന്നത് എത്രമാത്രം അപമാനകരമാണ്. സഹായം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നതിന് തുല്യമായ കുറ്റമാണ് സംസ്ഥാന സര്‍ക്കാരും ചെയ്യുന്നത്.
എത്ര ലാഘവത്തോടെയാണ് കേരളസര്‍ക്കാര്‍ വയനാട് പുനരധിവാസത്തെ കാണുന്നത് എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണ്ട. വീടും സ്ഥലവും നഷ്ട്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ വേദന സര്‍ക്കാര്‍ അവഗണിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ഒന്നുകില്‍ വീടുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് നല്‍കുക. അല്ലെങ്കില്‍ വീടുകള്‍ വാഗ്ദാനം ചെയ്തവര്‍ക്ക് സ്വന്തം നിലയില്‍ സ്ഥലം വാങ്ങി വീട് നിര്‍മിക്കുന്നതിന് അനുമതി നല്‍കുക.
സര്‍ക്കാരിന്റെ ഉദാസീനത പുനരധിവാസ പ്രവര്‍ത്തനങ്ങളെ പിറകോട്ട് വലിക്കുകയാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാര്‍ നിഷ്‌ക്രിയത്വത്തിനെതിരെ ഡിസംബര്‍ 17ന് ചേരുന്ന യു.ഡി.എഫ് യോഗം സമര പരിപാടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.