തിരുവനന്തപുരം:പാലോട് നവവധു ഇന്ദുജ ആത്മഹത്യാ ചെയ്ത കേസിൽ ഭർത്താവ് അഭിജിത്തും സുഹൃത്ത് അജാസും അറസ്റ്റിൽ.ഇന്ദുജ ആത്മഹത്യാ ചെയ്യാൻ കാരണം ഇരുവരിൽ നിന്നും നേരിട്ട നിരന്തര ശാരീരിക മാനസിക പീഡനങ്ങൾ ആണെന്ന് പോലീസ്.അറസ്റ്റ് ചെയ്ത പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.
മരിക്കുന്നതിന് മൂന്നു ദിവസം മുൻപ് ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മർദിച്ചിരുന്നു. ഇതിന്റെ പാടുകളാണ് ഇന്ദുജയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.ആത്മഹത്യക്ക് തൊട്ടുമുൻപ് അജാസ് ഇന്ദുജയെ വിളിച്ചു ദേഷ്യപ്പെട്ടു തൊട്ടു പിന്നാലെയാണ് തൂങ്ങി മരണം. മരിക്കുന്നതിന് തൊട്ടുമുൻപ് ഇന്ദുജ ആരെയോ വിളിച്ചിരുന്നു എന്ന് അഭിജിത്തിന്റെ അമ്മുമ്മയും വെളിപ്പെടുത്തിയിരുന്നു.ഒന്നാം പ്രതിയായ ഭർത്താവ് അഭിജിത്തിനെതിരെ ഭർതൃപീഡനം,ആത്മഹത്യാ പ്രേരണ,ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.അജാസിനെതിരെ പട്ടികജാതി പീഡനം,മർദ്ദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
മൂന്നു മാസം മുൻപായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്റെയും വിവാഹം.ഇരു വീട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് അമ്പലത്തിൽ പോയി താലികെട്ടുകയായിരുന്നു.ഇതിനു ശേഷം ഇന്ദുജയ്ക്കു വീട്ടുകാരുമായി ഒരു അടുപ്പവും ഉണ്ടായിരുന്നില്ല.ഭർതൃവീട്ടിൽ ഇന്ദുജ നിരന്തര പീഡനങ്ങൾ നേരിട്ടിരുന്നതായി കുടുംബത്തിന്റെ ആരോപണം. അഭിജിത്തിന്റെ വീട്ടിൽ നിന്ന് നേരിട്ട മാനസിക ശാരീരിക പീഡനങ്ങളെക്കുറിച്ചു കഴിഞ്ഞയാഴ്ച്ച ഇന്ദുജ അച്ഛനെയും സഹോദരനെയും വിളിച്ചുറിയിച്ചിരുന്നു.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാട്ടി ഇന്ദുജയുടെ അച്ഛൻ പാലോട് പോലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് ഇൻക്വസ്റ്റ് നടത്തുന്ന വേളയിൽ അധികം പഴക്കം ചെല്ലാത്ത മുറിവുകൾ കണ്ടെത്തുകയായിരുന്നു.ഇതിനെത്തുടർന്ന് അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അജാസിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.അജാസിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തുവരികയാണ്.അജാസിന്റെ ഫോൺ പരിശോധിച്ചപ്പോൾ അഭിജിത്തുമായുള്ള ചാറ്റ് പൂർണ്ണമായി നശിപ്പിച്ചതായി കണ്ടെത്തി.കാട്ടാക്കട ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.