കൊച്ചി : ജില്ലയിൽ പകർച്ചവ്യാധികൾ തടയുന്നതിന് പരിശോധന കർശനമാക്കാൻ പൊതുജനാരോഗ്യ സമിതി തീരുമാനിച്ചു.
പകർച്ചവ്യാധികളുടെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പോലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധനകൾ ഊര്ജിതമാക്കും.ഹെപ്പറ്റൈറ്റിസ് എ, ഡെങ്കിപ്പനി എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ബോധവൽക്കരണം സംഘടിപ്പിക്കും. ഫ്ലാറ്റുകളിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്ന ടാങ്കർ ലോറികളുടെ പരിശോധന, ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലെ പരിശോധന,കുടിവെള്ളത്തിന്റെ ക്ലോറിനേഷൻ എന്നിവ ഉറപ്പാക്കുന്നതിന് പരിശോധന കർശനമാക്കും.
പൊതുജനാരോഗ്യ നിയമം പ്രകാരം ജില്ലയിൽ മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയും രണ്ട് സ്ഥാപനങ്ങൾക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി,
പറഞ്ഞു.
# പൊതുജനാരോഗ്യ പ്രാദേശിക സമിതികൾ ചേരും
കോർപ്പറേഷൻ.മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലത്തിൽ പൊതുജനാരോഗ്യ പ്രാദേശിക സമിതികൾ ചേരും. മഞ്ഞപ്പിത്തം പടരുന്നത് തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തൃക്കാക്കര മുനിസിപ്പാലിറ്റി സെക്രട്ടറി, കൗൺസിലർമാർ, ആശാ പ്രവർത്തകർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരുടെ യോഗം വിളിച്ചു ചേർക്കുന്നതിന് യോഗത്തിൽ തീരുമാനിച്ചു. ജില്ലയിൽ പ്രധാനമായും തൃക്കാക്കര മുനിസിപ്പാലിറ്റി, കളമശ്ശേരി മുനിസിപ്പാലിറ്റി, തിരുവാണിയൂർ, ഏലൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ നിന്നും ഹെപ്പറ്റൈറ്റിസ് എ വർദ്ധന ഉണ്ടാവുന്നുണ്ടെന്നും ജില്ലയിൽ ഡെങ്കുകേസുകൾ കഴിഞ്ഞ മാസത്തേക്കാളും കുറഞ്ഞിണ്ടെന്നും യോഗം വിലയിരുത്തി. അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ പരിശോധനശക്തമാക്കുന്നതിനും തീരുമാനിച്ചു അതിഥി തൊഴിലാളികൾക്കിടയിൽ വ്യാജപേരിൽ ഹെൽത്ത് കാർഡ് എടുക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുള്ള സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുന്നതിന് സമിതി തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനും ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉപാദ്ധ്യക്ഷനുമായ പൊതുജനാരോഗ്യ സമിതിയിൽ മെമ്പർ സെക്രെട്ടറിയായ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .ആശാദേവി,ഗവ മെഡിക്കൽ കോളേജ് കളമശ്ശേരി പ്രിൻസിപ്പൽ ഡോ അനിൽകുമാർ പി ,ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഗീതാദേവി പി ജി, തുടങ്ങി വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.