/kalakaumudi/media/media_files/2025/09/30/chandran-pilla-2025-09-30-19-40-52.jpg)
infopark
കൊച്ചി ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ട വികസനത്തിന് നാന്ദി കുറിച്ചുകൊണ്ട് നൂതനമായ 'ലാന്‍ഡ് പൂളിംഗ്' മാതൃകയിലൂടെ എറണാകുളം ജില്ലയില്‍ 300 ഏക്കറിലധികം വിസ്തൃതിയില്‍ഒരു ആഗോള നിലവാരമുള്ള''ഇന്റഗ്രേറ്റഡ് എ.ഐ ടൗണ്‍ഷിപ്പ്' രൂപരേഖയൊരുങ്ങുന്നു.കേരള സര്‍ക്കാരിന്റെ പുതിയ ലാന്‍ഡ് പൂളിംഗ് നിയമപ്രകാരം നടപ്പാക്കുന്ന ഈ പദ്ധതിക്ക് ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റിയും (ജി.സി.ഡി.എ.) ഇന്‍ഫോപാര്‍ക്കും ഒരുമിച്ചാണ് നേതൃത്വം നല്‍കുന്നത്. ഇതിന്റെ മുന്നോടിയായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്‍ഫോപാര്‍ക്കും ജിസിഡിഎ-യും സെപ്റ്റംബര്‍ 29 ന് ധാരണപത്രം ഒപ്പിട്ടു.
ഇന്‍ഫോപാര്‍ക്ക് ഫേസ് 3-ക്ക് വേണ്ടി ലാന്‍ഡ് പൂളിംഗിലൂടെ ഭൂമി കണ്ടെത്തേണ്ടത് ജി.സി.ഡി.എ-യുടെ ചുമതലയാണ്. ഫേസ് ത്രീയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഇന്‍ഫോപാര്‍ക്കിന്റെ കടമയാണ്.ജി.സി.ഡി.എ.യുമായി ഇന്‍ഫോപാര്‍ക്ക് ധാരണാപത്രം ഒപ്പിടുന്നത് ലാന്‍ഡ് പൂളിംഗ് പദ്ധതിയുടെ ആദ്യ ഘട്ടമാണ്. ഇതിനുശേഷം സാധ്യത പഠനം, സ്റ്റേക്ക്‌ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷനുകള്‍, പ്രാഥമിക സര്‍വേകള്‍, മാസ്റ്റര്‍ പ്ലാനിംഗ്, വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കും. ജി.സി.ഡി.എ. ലാന്‍ഡ് പൂളിംഗ് പ്രക്രിയക്ക് നേതൃത്വം നല്‍കുമെങ്കിലും, പദ്ധതിയുടെ ഉടമസ്ഥത ഇന്‍ഫോപാര്‍ക്കിനായിരിക്കും.
ലാന്‍ഡ് പൂളിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, ജി.സി.ഡി.എ.യും ഇന്‍ഫോപാര്‍ക്കും ചേര്‍ന്ന് ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കൊച്ചിയുടെ അതിവേഗ വളര്‍ച്ചയും നിലവിലുള്ള ഇന്‍ഫോപാര്‍ക്ക് കാമ്പസുകളിലെ സ്ഥലപരിമിതിയും കണക്കിലെടുത്താണ് ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടമെന്ന പേരില്‍ 300 ഏക്കറിലധികം വിസ്തൃതിയില്‍ ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ഇത് വെറുമൊരു ഐ.ടി. പാര്‍ക്ക് വികസനമല്ല, മറിച്ച് 'ഇന്റഗ്രേറ്റഡ് എ.ഐടൗണ്‍ഷിപ്പ്' എന്ന ആഗോള സങ്കല്‍പ്പത്തില്‍ ഒരുങ്ങുന്ന ഒരു സാങ്കേതിക കേന്ദ്രമാണ്. ഇത് ആഗോള ടെക് കമ്പനികളെയും, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ (ജി.സി.സി) മേഖലയിലെ മുന്‍നിര കമ്പനികളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുന്നു. ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന ഈ പദ്ധതി, ഏകദേശം 2,00,000 നേരിട്ടുള്ള തൊഴിലവസരങ്ങളും 4,00,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
