ആളുമാറിയുള്ള അറസ്റ്റ്; റിപ്പോർട്ട് തേടി മലപ്പുറം എസ്പി

ചെയ്യാത്ത കുറ്റത്തിന് അബൂബക്കർ നാല് ദിവസം ജയിലിൽ കഴിയേണ്ടി വന്നു. ഈ സമയം അബൂബക്കറിന്റെ ബന്ധുക്കളിൽ ചിലർ നടത്തിയ അന്വേഷണത്തിൽ യഥാർഥ പ്രതി മറ്റൊരു അബൂബക്കറാണെന്ന് മനസ്സിലാവുകയായിരുന്നു. തുടർന്ന് ഇവർ കോടതിയെ സമീപിച്ചു. 

author-image
Anagha Rajeev
New Update
police
Listen to this article
0.75x 1x 1.5x
00:00 / 00:00

പൊന്നാനിയിൽ ആളുമാറി യുവാവിനെ അറസ്റ്റ് ചെയ്തതിൽ റിപ്പോർട്ട് തേടി മലപ്പുറം എസ്പി. ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർ നടപടികൾ സ്വീകരിക്കും. വെളിയങ്കോട് സ്വദേശി അലുങ്ങൽ അബൂബക്കറാണ് കുറ്റവും ചെയ്യാതെ നാല് ദിവസം ജയിലിൽ കഴിയേണ്ടിവന്നത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെയുള്ളവരെ സമീപിക്കാൻ ഒരുങ്ങുകയാണ് അബൂബക്കറിന്റെ കുടുംബം.

വടക്കേ പുറത്ത് അബൂബക്കർ ചെലവിന് നൽകുന്നില്ലന്ന് കാണിച്ച് ഇയാളുടെ ഭാര്യ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ തിരൂർ കുടുംബ കോടതിയിൽ നിന്നുള്ള വാറൻറ് നടപ്പാക്കാനെത്തിയ പൊന്നാനി പൊലീസാണ് ആളുമാറി ആലുങ്ങൽ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.  

അറസ്റ്റിലായ ആലുങ്ങൽ അബൂബക്കറിന്റെ പേരിൽ  ഭാര്യ മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ആദ്യം ഈ കേസാണെന്ന് കരുതിയെങ്കിലും പിന്നീട് വീട്ടു പേരിൽ മാറ്റമുണ്ടെന്നും പൊലീസ് ഉദ്ദേശിച്ച അബൂബക്കർ താനല്ലെന്നും പൊലീസിനോട് ആവർത്തിച്ചു അബൂബക്കർ പറഞ്ഞു. എന്നാൽ കാര്യമുണ്ടായില്ല, അബൂബക്കറെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുകയായിരുന്നു. കോടതിയിൽ ജീവനാംശം നൽകാനുള്ള തുകയില്ലെന്ന് അറിയിച്ചതോടെ ആറുമാസം തടവിനും ശിക്ഷിച്ചു.

ചെയ്യാത്ത കുറ്റത്തിന് അബൂബക്കർ നാല് ദിവസം ജയിലിൽ കഴിയേണ്ടി വന്നു. ഈ സമയം അബൂബക്കറിന്റെ ബന്ധുക്കളിൽ ചിലർ നടത്തിയ അന്വേഷണത്തിൽ യഥാർഥ പ്രതി മറ്റൊരു അബൂബക്കറാണെന്ന് മനസ്സിലാവുകയായിരുന്നു. തുടർന്ന് ഇവർ കോടതിയെ സമീപിച്ചു. 

ഇതോടെ കോടതിക്ക് കാര്യം മനസ്സിലാവുകയും ഇയാളെ മോചിപ്പിക്കാനായി ഉത്തരവിടുകയുമായിരുന്നു. രണ്ട് അബൂബക്കർമാരുടെയും പിതാവിന്റെ പേര് ഒന്നായതാണ് ആശയക്കുഴപ്പമുണ്ടാക്കിയത് എന്നാണ് പൊലീസിന്റെ വിശദീകരണം.

imprisoned