/kalakaumudi/media/media_files/2025/03/25/Mv6hOiahuCVwFvdYHzBF.jpg)
ബെയ്‌റൂട്ട്: യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവായായി ജോസഫ് മാര്‍ ഗ്രിഗോറിസ് സ്ഥാനാരോഹിതനായി. ഇനി മുതല്‍ ബെസേലിയോസ് ജോസഫ് പ്രഥമന്‍ കാതോലിക്ക ബാവ എന്നായിരിക്കും അദ്ദേഹം അറിയപ്പെടുക. ശ്രേഷ്ഠ കാതോലിക്ക ബെസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ വിയോഗത്തെത്തുടര്‍ന്നായിരുന്നു മാര്‍ ഗ്രിഗോറിയോസിനെ പിന്തുടര്‍ച്ചക്കാരനായി തിരഞ്ഞെടുത്തത്.
ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രമായ പാത്രിയര്‍ക്കാ സെന്ററിനോടു ചേര്‍ന്നുള്ള സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്.
പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായാണ് സ്ഥാനാരോഹണ ശുശ്രൂഷ നിര്‍വഹിച്ചത്. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മികരായി. ലബനന്‍ പ്രസിഡന്റ് ജോസഫ് ഔനോ പ്രതിനിധിയോയും പങ്കെടുത്തു. സഭയുടെ ആഗോള സിനഡ് ബുധനാഴ്ച ഇവിടെ ചേരുന്നുണ്ട്.
കേരളത്തില്‍ നിന്നുള്ളവരും പ്രവാസികളുമായി ധാരാളം മലയാളികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ന്നബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത തുടങ്ങിയവരും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധി സംഘവും ഇവിടെയെത്തി. വത്തിക്കാനില്‍നിന്ന് കത്തോലിക്കാ സഭയുടേതടക്കം ഇതര സഭകളുടെ പ്രതിനിധികളും പങ്കെടുത്തു.
സിറിയയിലെ ഡമാസ്‌കസ് ആണ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ ആസ്ഥാനം. സിറിയയിലെ സംഘര്‍ഷഭരിതമായ സാഹചര്യം പരിഗണിച്ചാണ് ചടങ്ങ് അച്ചാനെയിലേക്കു മാറ്റിയത്. പരിശുദ്ധ മറിയത്തിന്റെ വചനിപ്പു പെരുന്നാള്‍ ദിനം എന്നതാണ് അഭിഷേകച്ചടങ്ങ് നടന്ന ദിവസത്തിന്റെ സവിശേഷത. മാത്രമല്ല മാര്‍ ഗ്രിഗോറിയോസ് ശെമ്മാശപട്ടമേറ്റതും പിന്നീടു വൈദികനായതും മാര്‍ച്ച് 25ന് ആയിരുന്നു.