/kalakaumudi/media/media_files/c6Of80k0M1eEqOhUGLMb.jpeg)
കൊച്ചി: ആശുപത്രിവാസം ആവശ്യമില്ലാത്ത അസുഖത്തിന് അഡ്മിറ്റായി ചികിത്സ തേടിയെന്നുപറഞ്ഞ് ഇൻഷ്വറൻസ് ക്ലെയിം നിഷേധിച്ച സ്റ്റാർ ഹെൽത്ത് കമ്പനി 44,000 രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. എറണാകുളം അമ്പനാട് സ്വദേശി ബിനു വർഗീസും ഭാര്യ ജെമിയും സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2017 ആഗസ്റ്റ് മുതലുള്ള പോളിസി തുടരുന്നതിനിടെ 2023 മേയിൽ പരാതിക്കാരി കടുത്ത പനിയും ചുമയും മൂലം അഡ്മിറ്റായി. ആറു ദിവസത്തെ ചികിത്സയ്‌ക്കു ശേഷം റീ ഇംബേഴ്‌സ്‌മെന്റിനായി ഇൻഷ്വറൻസ് കമ്പനിയെ സമീപിച്ചപ്പോഴാണ് ക്ലെയിം നിഷേധിച്ചത്. തുടർന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.
പോളിസി നിബന്ധനകൾ ഇടുങ്ങിയ രീതിയിൽ വ്യാഖ്യാനിക്കാതെ വിശാല അർത്ഥത്തിൽ ഉൾക്കൊള്ളണമെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.