ഐബി ഉദ്യോഗസ്ഥയുടെ മരണം: യുവതിയുടെ മാതാവിനെ കക്ഷി ചേര്‍ത്തു

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ ഐബി ഉദ്യോഗസ്ഥയെ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യുവതി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് കരുതുന്നത്.

author-image
Biju
New Update
fgfg

കൊച്ചി: ഇന്റലിജന്‍സ് ബ്യുറോ (ഐബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകനായ സുകാന്ത് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ യുവതിയുടെ മാതാവിനെ കക്ഷി ചേര്‍ത്തു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കാന്‍ ഹൈക്കോടതി അവധിക്കാല ബെഞ്ച് തീരുമാനിച്ചു. നേരത്തെ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ കോടതി പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു. 

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മരിച്ച നിലയില്‍ ഐബി ഉദ്യോഗസ്ഥയെ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യുവതി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു എന്നാണ് കരുതുന്നത്. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കുമ്പോള്‍ നാലു തവണ യുവതി സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ യുവതിയുമായുള്ള വിവാഹം ആലോചിച്ചിരുന്നുവെന്നും അവരുടെ വീട്ടുകാര്‍ പിന്നീട് ഇതില്‍നിന്ന് പിന്മാറുകയായിരുന്നു എന്നുമാണ് സുകാന്തിന്റെ വാദം. 

താനുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുവതിക്കു മേല്‍ അവരുടെ ബന്ധുക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും തങ്ങള്‍ ഒരുമിച്ച് നെടുമ്പാശേരിയില്‍ താമസിച്ചിരുന്നുവെന്നും യുവതി ആത്മഹത്യ ചെയ്തതാണെങ്കില്‍ അതിനു കാരണം മാതാപിതാക്കളുടെ സമ്മര്‍ദ്ദമാണെന്നുമായിരുന്നു സുകാന്തിന്റെ വാദം. എന്നാല്‍ സുകാന്തിന്റെ വാദങ്ങള്‍ തെറ്റാണെന്നും അയാളുടെ വീട്ടുകാര്‍ വിവാഹാലോചനയുമായി വീട്ടില്‍ വന്നിരുന്നു എന്ന വാദം തെറ്റാണെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. 

യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ സുകാന്തിനെതിരെ പൊലീസ് ബലാത്സംഗക്കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ നടപടി. അന്നു മുതല്‍ സുകാന്ത് ഒളിവിലാണ്. യുവതി ആത്മഹത്യ ചെയ്തതാണെങ്കില്‍ ഒപ്പം താമസിച്ചിരുന്ന സുകാന്തിന് അതില്‍ ഉത്തരവാദിത്തമില്ലേ എന്ന് മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ കോടതി ആരാഞ്ഞിരുന്നു.