വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു

മകന്‍ കൊല്ലപ്പെട്ടതാണ്. ഇത് ആത്മഹത്യ എന്ന് പറയില്ല. മരണത്തിലേക്ക് മകനെ തള്ളി വിടുകയായിരുന്നു. ക്ലര്‍ക്കിനെതിരെ കര്‍ശന നടപടി വേണമെന്ന് കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

author-image
Prana
New Update
suicide

തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചല്‍ വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദിനാണ് അന്വേഷണച്ചുമതല.ഇന്ന് രാവിലെയാണ് കാട്ടാക്കടയിലെ കുറ്റിച്ചലില്‍ പരുത്തിപ്പള്ളി വിഎച്ച്എസ്സി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം സ്‌കൂളില്‍ കണ്ടെത്തിയത്.അതേസമയം വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. സ്‌കൂളിലെ ക്ലര്‍ക്ക് ഇന്നലെ കുട്ടിയോട് മോശമായി പെരുമാറിയതായി കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. അസൈന്‍മെന്റില്‍ സീല്‍ വെച്ച് നല്‍കാന്‍ കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്ലര്‍ക്ക് ഇത് നല്‍കിയില്ല. ഇന്നലെ റെക്കോര്‍ഡ് സീല്‍ ചെയ്യേണ്ട ദിവസമായിരുന്നു. കുറേ തവണ പറഞ്ഞതിനുശേഷം കുട്ടികള്‍ സീലെടുത്ത് കൊണ്ട് വന്നപ്പോള്‍ നിന്റെ അപ്പന്റെ വകയാണോ സീല്‍ എന്ന് ചോദിച്ച് അപമാനിച്ചുവെന്ന കാര്യം കുട്ടി വീട്ടില്‍ പറഞ്ഞിരുന്നുവെന്നും അമ്മാവന്‍ കൂട്ടിച്ചേര്‍ത്തു. മകന്‍ കൊല്ലപ്പെട്ടതാണ്. ഇത് ആത്മഹത്യ എന്ന് പറയില്ല. മരണത്തിലേക്ക് മകനെ തള്ളി വിടുകയായിരുന്നു. ക്ലര്‍ക്കിനെതിരെ കര്‍ശന നടപടി വേണമെന്ന് കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു.

 

school