ഹേമ കമ്മിറ്റിയിൽ മൊഴി നൽകിയ 50 പേരെയും കണ്ട് മൊഴിയെടുക്കാൻ നിർണായക നീക്കവുമായി അന്വേഷണ സംഘം. 4 സംഘങ്ങളായി തിരിഞ്ഞാണ് മൊഴിയെടുപ്പ് നടത്തുക. പത്ത് ദിവസത്തിനകം മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് നീക്കം.
ഹൈക്കോടതി നിർദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം സർക്കാർ അന്വേഷണ സംഘത്തിന് നൽകിയിരുന്നു. റിപ്പോർട്ട് പൂർണമായി പുറത്തുവിടാത്തതിനെതിരെ ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
ഹൈക്കോടതിയുടെ വിമർശനങ്ങൾക്ക് പിന്നാലെ ഡബ്ല്യുസിസി അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടർനടപടികളും സിനിമാ നയത്തിലെ നിലപാടും അറിയിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. സിനിമ നയത്തിലെ ഡബ്ല്യുസിസി നിലപാട് മുഖ്യമന്ത്രിയെ അംഗങ്ങൾ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം, എസ്ഐടി അന്വേഷണത്തിന്റെ പേരിൽ സ്വകര്യത ലംഘനം ഉണ്ടാവരുത്, വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണം, ഹേമ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളും ഡബ്ല്യുസിസി മുഖ്യമന്ത്രിയെ അറിയിച്ചു.
ഹേമ കമ്മറ്റി റിപ്പോർട്ടിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം നേരിട്ടത്. വിഷയത്തിൽ എന്തുകൊണ്ട് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചോദിച്ചു. രാജ്യത്തെ നിയമങ്ങൾ സർക്കാരിനും ബാധകമാണ്. ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപണം അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കുക, അന്വേഷണം സിബിഐക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുളള വിവിധ ഹർജികളാണ് പ്രത്യേക ബെഞ്ചിന് മുന്നിലുളളത്.