രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചു

യൂത്ത് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പാര്‍ട്ടിക്ക് ഉള്ളില്‍ നിന്നുതന്നെ കടുത്ത അമര്‍ഷര്‍ഷം ഉണ്ടായ സാഹചര്യത്തിലാണ് രാജി. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടക്കം രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു

author-image
Biju
New Update
r7

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദം രാജിവച്ചു. ഹൈക്കമാന്‍ഡ് രാഹുലിനു നല്‍കിയ നിര്‍ദേശത്തിനു പിന്നാലെയാണ് നടപടി. സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് രാഹുലിനോട് ദേശീയ നേതൃത്വം രാജി ചോദിച്ചുവാങ്ങിയത്. രാഹുലിനെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ഇന്ന് രാവിലെ ടെലിഫോണില്‍ നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളുമായി കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷമാണ് രാഹുലിനോട് രാജി ആവശ്യപ്പെട്ടത്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിക്ക് പാര്‍ട്ടിയിലെ വനിതാ നേതാക്കള്‍ രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുന്‍ഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിച്ചു തുടങ്ങിയത്. 

തെറ്റുകാരനെങ്കില്‍ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നും വിലയിരുത്തലുണ്ടായി. അതേ സമയം, രാഹുല്‍ എംഎല്‍എ ആയി തുടരുമെന്നാണ് വിവരം.

ആരോപണമുന്നയിച്ച പെണ്‍കുട്ടി റിനി മകളെപ്പോലെയുള്ള കുട്ടിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. ആരോപണം ഉന്നയിച്ച കുട്ടിയെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നില്ല. മകളെ പോലെ കാണുന്ന പെണ്‍കുട്ടിയാണ് എന്നോട് പരാതി പറഞ്ഞത്. ഒരു അച്ഛന്‍ എന്ത് ചെയ്യുമോ? അക്കാര്യം ചെയ്തിട്ടുണ്ട്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ വിട്ടു വീഴ്ചയുണ്ടാകില്ല. എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

അതേസമയം സംഭവത്തിനെതിരെ സംസ്ഥാന കമ്മിറ്റി വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇപ്പോഴും ചര്‍ച്ച തുടരുകയാണ്. വിഷയത്തില്‍ രാഹുല്‍ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്നേഹയാണ്. സ്നേഹയുടെ വിമര്‍ശനത്തെ പിന്തുണച്ചു ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫില്‍ രംഗത്തെത്തി. രാഹുലിനെതിരെ ചാണ്ടി ഉമ്മന്‍ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളവും രാജി ആവശ്യപ്പെട്ടിരുന്നു.

ആരോപണ വിധേയനായ ആളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു എന്നും റിനി ആന്‍ ജോര്‍ജ് രേത്തെ പ്രതികരിച്ചിരുന്നു. തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. സമാന അനുഭവം നേരിട്ട പരലും തന്നെ ബന്ധപ്പെട്ടു. മാദ്ധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല, എത്ര ആക്രമിച്ചാലും ഈ വ്യക്തി രക്ഷപ്പെടില്ല. എതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്. ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല. ആലോചിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നാണ് റിനിയുടെ പ്രതികരണം.

അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് യുവനേതാവിനെതിരെ പുതുമുഖ നടി റിനി ആന്‍ ജോര്‍ജ് ഇന്നലെ വെളിപ്പെടുത്തല്‍ നടത്തിയത്.നേതാവിന്റെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉള്‍പ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതല്‍ മോശം മെസേജുകള്‍ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാള്‍ അത് തുടര്‍ന്നു.

മൂന്നര വര്‍ഷം മുന്‍പാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാള്‍ ജനപ്രതിനിധിയായത്. അയാള്‍ കാരണം മറ്റു ബുദ്ധിമുട്ടുകള്‍ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി.

ഇയാളെ പറ്റി പാര്‍ട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ പോയി പറയുവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളില്‍ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആന്‍ ജോര്‍ജ് ഇന്നലെ പറഞ്ഞു. നേതാവിന്റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താന്‍ തയ്യാറല്ല. ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളില്‍ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാള്‍ക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചുവെന്നും അവര്‍ പറഞ്ഞിരുന്നു.

rahul mankoottathil