ഒറ്റപ്പെട്ട സംഭവം, സംഭവിക്കാന്‍ പാടില്ലാത്തത്: ശിശുക്ഷേമസമിതി

നഖം കൊണ്ട് നുള്ളിയ ഒരു ചെറിയ പാട് മാത്രമാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലുള്ളതെന്നും കുറ്റം ചെയ്ത ആയമാര്‍ക്കെതിരേ നടപടി സ്വീകരിച്ചുവെന്നും അരുണ്‍ഗോപി മാധ്യമങ്ങളോട് പറഞ്ഞു

author-image
Prana
New Update
caretaker arrest

ശിശുക്ഷേമ സമിതിയില്‍ കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ ആയമാര്‍ മുറിവേല്‍പിച്ചത് ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അരുണ്‍ഗോപി. നഖം കൊണ്ട് നുള്ളിയ ഒരു ചെറിയ പാട് മാത്രമാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലുള്ളതെന്നും കുറ്റം ചെയ്ത ആയമാര്‍ക്കെതിരേ നടപടി സ്വീകരിച്ചുവെന്നും അരുണ്‍ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്. എങ്കിലും സംഭവിക്കാന്‍ പാടില്ലാത്തത് എന്നുതന്നെയാണ് ഞങ്ങളുടെ നിലപാട്. ആ നിലപാടിന്റെ ഭാഗമായിട്ടാണ് ആയമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മുമ്പൊന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. താല്‍ക്കാലിക ജീവനക്കാരാണ് ആരോപണവിധേയരായ മൂന്ന് ആയമാരും. ഏറ്റവും കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരാണ് ഇവിടെയുള്ളത്. കുട്ടികളെ നോക്കാന്‍ ആളുകളെ കിട്ടാതെ വന്നപ്പോള്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതാണ്. ഒരു കുട്ടി ആശുപത്രിയിലായാല്‍ രണ്ട് ആയമാര്‍ കുഞ്ഞിനെ നോക്കാന്‍ വേണം. വലിയ സാമ്പത്തിക പ്രതിസന്ധിയും ബാധ്യതയുമൊക്കെയാണ് ഈ സ്ഥാപനം നടത്തിക്കൊണ്ടുപോകാനായി നേരിടുന്നത്. ഒരുപാട് പേരുടെ സഹായത്തോടെയും പിന്തുണയോടെയുമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് -അരുണ്‍ഗോപി പറഞ്ഞു.
കുട്ടി ഇപ്പോള്‍ ആരോഗ്യവതിയാണെന്നും അദ്ദേഹം പറഞ്ഞു.
''നഖം കൊണ്ട് നുള്ളിയ ഒരു ചെറിയപാടുമാത്രമാണ് ഇപ്പോള്‍ കാണാനുള്ളത്. ആ ചെറിയപാടുപോലും കുട്ടികളില്‍ ഉണ്ടാവാന്‍ പാടില്ല എന്നതുകൊണ്ടാണ് സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നിയമനടപടിയിലേക്ക് നീങ്ങിയത്. കണ്ണില്‍ എണ്ണയൊഴിച്ചാണ് ഞങ്ങള്‍ കുട്ടികളെ പരിപാലിക്കുന്നത്. കുറ്റംചെയ്ത ജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തിരിക്കുകയാണ്. ഈ ഭരണസമിതി വന്നതിനുശേഷം കുട്ടികളുടെ പരിചരണവുമായി ബന്ധപ്പെട്ട് പ്രത്യേക പരിശീലനം എല്ലാവര്‍ക്കും നല്‍കിയതാണ്.''
ശിശുക്ഷേമസമിതിയിലെ രണ്ടരവയസ്സുകാരി കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ ക്രൂരമായി പെരുമാറിയത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചായിരുന്നു ശിക്ഷ. സംഭവത്തില്‍ മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തു. അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് പിടിയിലായത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്.
സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്ന സമയത്താണ് തന്റെ സ്വകാര്യഭാഗ്യങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടി തുറന്നുപറഞ്ഞത്. അങ്ങനെയാണ് തൈക്കാട് കുട്ടികളുടെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയത്. പരിശോധനയില്‍ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ പരിചരിച്ച മറ്റ് ആയമാരെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് കുട്ടിയെ ഉപദ്രവിച്ച വിവരം പുറത്തറിഞ്ഞത്.

child welfare committee injury girl child