തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ മൂന്നു പ്രതികൾക്ക് ജാമ്യം. കേസിലെ രണ്ടാം പ്രതിയും മുൻ ഡിജിപിയുമായ സിബി മാത്യൂസ്, നാലും അഞ്ചും പ്രതികളായ മുൻ ഡിജിപി ആർ. ബി. ശ്രീകുമാർ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവർക്കാണു ജാമ്യം ലഭിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം, കേസിലെ ഒന്നാം പ്രതിയും മുൻ എസ്പിയുമായ എസ്.വിജയൻ, മുൻ എസ്പി എസ്.കെ.ജോഷ്വാ എന്നിവർ കോടതിയിൽ ഹാജരായില്ല. ഇവരോട് കോടതിയിൽ ഹാജരാകണമെന്നു കോടതി നിർദേശം നൽകി. ചാരക്കേസിൽ നമ്പി നാരായണനെയടക്കം പ്രതിയാക്കിയതിലുള്ള ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു.
ഉത്തരവ് പ്രകാരം സി ബിഐ മേയ് മാസത്തിൽ തന്നെ കേസ് റജിസ്റ്റർ ചെയ്‌തു. ചാരക്കേസ് അന്വേഷണം പൂർത്തിയാക്കിയ സിബിഐ തെളിവുകളുടെ അഭാവത്താൽ നമ്പി നാരായണനെ കുറ്റവിമുക്‌തനാക്കി കുറ്റപത്രം കോടതിൽ സമർപ്പിച്ചു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു.