സർക്കാർ ജീവനക്കാരായ പിഎസ് സി ചെയർമാനും അംഗങ്ങൾക്കും പെൻഷൻ നൽകാൻ തീരുമാനമായി

പെൻഷൻ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാമെന്ന് ഉത്തരവിൽ പറയുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്.

author-image
Anitha
New Update
bhjghftdfs

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷൻ അനുവദിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിട്ടു. കേരള ഹൈക്കോടതി ഉത്തരവിനെ തുട‍ർന്നാണ് തീരുമാനമെന്നാണ് വിശദീകരണം. പെൻഷൻ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാമെന്ന് ഉത്തരവിൽ പറയുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് ഉത്തരവിട്ടിരിക്കുന്നത്. 

പിഎസ്‌സി ചെയർമാൻ്റെ ശമ്പളം 3.87 ലക്ഷമായും അംഗങ്ങളുടേത് 3.80 ലക്ഷമായും ഉയർത്തി നേരത്തേ തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരം പിഎസ്‌സി ചെയർമാന് 2.50 ലക്ഷം രൂപയും അംഗങ്ങൾക്ക് 2.25 ലക്ഷം രൂപയും പെൻഷനായി ലഭിക്കുന്നതായിരുന്നു സ്ഥിതി. എന്നാൽ പുതിയ തീരുമാനത്തോടെ പെൻഷൻ വീണ്ടും ഉയരും. പിഎസ്‌സി അംഗങ്ങളായിരുന്ന പി ജമീല, ഡോ.ഗ്രീഷ്‌മ മാത്യു, ഡോ.കെ.ഉഷ എന്നിവർ നേരത്തേ സർക്കാർ സർവീസിൽ നിന്ന് പിഎസ്‌സി അംഗങ്ങളായി എത്തിയവരായിരുന്നു. ഇവർക്ക് നേരത്തെ സർക്കാർ സർവീസിലെ പെൻഷനായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ പിഎസ്‌സി ശമ്പളം ഉയർത്തിയപ്പോൾ ഉയർന്ന പെൻഷന് തങ്ങൾക്കും അർഹതയുണ്ടെന്ന് വ്യക്തമായതോടെ ഇവർ ആ പെൻഷൻ ആവശ്യപ്പെട്ടു.

നേരത്തേയുള്ള ചട്ടം ചൂണ്ടിക്കാട്ടി സർക്കാർ ഈ ആവശ്യം നിരസിച്ചിരുന്നു. ഇതോടെ മൂന്ന് പേരും ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ സർക്കാർ സർവീസിലുണ്ടായിരുന്നവർക്ക് ഉയർന്ന പെൻഷൻ ലഭിക്കുന്നുണ്ടെന്ന കാര്യം കോടതിയിൽ ഇവർ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ വിഷയം മന്ത്രിസഭാ യോഗത്തിൻ്റെ പരിഗണനയിലെത്തി. അപ്പീൽ നൽകുന്നത് കൊണ്ട് കാര്യമുണ്ടാകില്ലെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടിയതോടെ ഉയർന്ന പെൻഷൻ നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. 

സര്‍ക്കാര്‍ സര്‍വീസിലായിരുന്ന ശേഷം പിഎസ് സി ചെയര്‍മാനും അംഗവുമായിരുന്നവര്‍ക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ ഇതോടെ ഉയരും. സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ് സി അംഗമെന്ന നിലയിലെ സേവന കാലവും പരിഗണിച്ച് പെന്‍ഷൻ നിശ്ചയിക്കാനാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. 

pension psc