ആലപ്പുഴ: കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയെ (73) കൊന്ന് കുഴിച്ചു മൂടിയതായി സംശയം. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ആലപ്പുഴ കലവൂരിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് സുഭദ്രയെ കാണാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചത്.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ, സുഭദ്ര അവസാനം എത്തിയത് കലവൂരാണെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒരുമാസത്തോളമായി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
കലവൂരിലുള്ള വീടിന്റെ പരിസരത്ത് മൃതദേഹം കുഴിച്ചു മൂടിയെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. ഒന്നിച്ച് താമസിച്ചിരുന്ന സ്ത്രീയും പുരുഷനും ചേർന്ന് സുഭദ്രയെ കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് പ്രാഥമിക വിവരം. യാത്രകളും മറ്റും ഒന്നിച്ച് പോയിരുന്ന ഇവർ സുഭദ്രയുടെ സ്വർണം മോഷ്ടിച്ചു. ഇതിനെച്ചൊല്ലി സുഭദ്ര രണ്ടുപേരുമായി തെറ്റി. കുറച്ചു കാലത്തിന് ശേഷം വീണ്ടും അടുപ്പത്തിലായി. തുടർന്ന് സുഭദ്രയെ കലവൂരിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി കൈയിലുണ്ടായിരുന്ന സ്വർണം തട്ടിയെടുത്ത് കുഴിച്ചു മൂടിയെന്നാണ് വിവരം. കൊലപാതകം നടത്തി എന്ന് കരുതുന്ന രണ്ടുപേരും നിലവിൽ ഒളിവിലാണ്.