കൊച്ചി: ശരിയും തെറ്റും കലർന്ന വാർത്തകൾ ലഭ്യമാകുമ്പോൾ സത്യം എന്താണെന്ന് അന്വേഷിച്ചറിയേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും ഏഷ്യൻ സ്‌കൂൾ ഓഫ് ജേണലിസം ചെയർമാനുമായ ശശികുമാർ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളെ അപേക്ഷിച്ച് മുഖ്യധാരാമാധ്യമങ്ങൾക്ക് ഉത്തരവാദിത്വം ഏറെയുണ്ട്;അതേസമയം
വാർത്താ മാധ്യമങ്ങളുടെ തുടർച്ച തന്നെയാണ് സാമൂഹ്യ മാധ്യമങ്ങൾ. കേരള മീഡിയ അക്കാദമിയിൽ ബിരുദാനന്തര കോഴ്‌സുകളുടെ പ്രവേശനോദ്ഘാടനം ചെയ്യുകയായിരുന്നു ശശികുമാർ. ലോകത്തെ നടുക്കിയ വയനാട് ദുരന്ത വാർത്തകൾ ഉത്തരവാദിത്തത്തോടെയാണ് കേരളത്തിലെ മാധ്യമങ്ങൾ ജനങ്ങളിലേക്കെത്തിച്ചത്.
ദുരന്തത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തി സത്യം എങ്ങനെ ജനങ്ങളെ അറിയിക്കാം എന്നതിലേക്കാണ് മാധ്യമങ്ങൾ ശ്രദ്ധയൂന്നിയത്. കേരളത്തിലെ മാധ്യമപ്രവർത്തകർ മാതൃകാപരമായി ഒരുമിച്ചുനിന്നു. കാലാവസ്ഥ മുന്നറിയിപ്പുമായി ബന്ധപ്പെട്ട ആരോപണ പ്രത്യാരോപണങ്ങളിൽ സത്യം എന്താണെന്ന് വൈകിയാണെങ്കിലും മാധ്യമങ്ങൾ വഴി ജനം അറിഞ്ഞു. ഭരണകൂടങ്ങൾ മാധ്യമങ്ങളെ ഒതുക്കുകയും വേട്ടയാടുകയും ചെയ്‌തേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കിലും പുതിയ ചക്രവാളങ്ങൾ കണ്ടെത്താൻ കഴിയും . കാലഘട്ടത്തിന്റെ മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തി സത്യം പുറത്തുകൊണ്ടുവരാനും മാധ്യമപ്രവർത്തകർക്ക് പരിശീലനം നൽകണം. ഇതിനായി ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താം. നിർമ്മിത ബുദ്ധിയും മെഷീൻ ലേണിങ്ങും മാധ്യമ മേഖലയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരും. മാധ്യമങ്ങളിലെ ഗെയിമിഫിക്കേഷൻ (പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിനായി വിനോദോപാധികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള രീതി )അതിവേഗം വളരുന്ന ഒരു വ്യവസായമായി മാറി ക്കഴിഞ്ഞിരിക്കുന്നു. നവോത്ഥാനമാധ്യമ സങ്കേതങ്ങളിലേക്കുള്ള കുതിച്ചുചാട്ടം വൈകാതെ ഉണ്ടാകും. സാങ്കേതിക സഹായത്തോടെ നടത്തുന്ന മാധ്യമപ്രവർത്തനത്തിനായി സ്റ്റാർട്ടപ്പുകൾക്ക് രൂപം കൊടുക്കാനാകും. ഇതിനായുള്ള അനന്തസാധ്യതകൾ മാധ്യമ മേഖലയിലുണ്ടെന്ന് ശശികുമാർ പറഞ്ഞു.
കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ മാറുന്ന മാധ്യമ മേഖലയിൽ സാങ്കേതികവോടെ നിലനിൽക്കുന്ന സ്ഥാപനമാണ് മീഡിയ അക്കാദമി എന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ചെയർമാൻ ആർ. എസ് ബാബു പറഞ്ഞു.മാനവിയതയുടെ ക്യാമ്പസിൽ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കണമെന്നും വിദ്യാർത്ഥികളെ അദ്ദേഹം ഓർമിപ്പിച്ചു.
ഇന്ത്യക്ക് അകത്തും പുറത്തും ക്ലേശകരമായ ഒന്നായി തീർന്നിരിക്കുന്നു മാധ്യമപ്രവർത്തനമെന്ന് പ്രമുഖ സാഹിത്യകാരിയും മീഡിയ അക്കാദമി ഫാക്കൽറ്റി അംഗവുമായ ഡോ. എം ലീലാവതി ടീച്ചർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
വിജ്ഞാനം കൈക്കുമ്പിളിൽ ഉണ്ടെങ്കിലും മാധ്യമപ്രവർത്തകർക്ക് കാര്യാവബോധം കൂടി ഉണ്ടാകണമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന 24 ന്യൂസ് ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായർ പറഞ്ഞു. മൂല്യബോധമില്ലാത്ത തലമുറയാണ് ഇപ്പോഴുള്ളത് എന്ന് പറയുമ്പോഴും മാധ്യമ പ്രവർത്തകർക്ക് മൂല്യബോധം ഉണ്ടായേ തീരൂ. ആർക്കെങ്കിലും വേണ്ടി ചെയ്യേണ്ട പണിയല്ല മാധ്യമപ്രവർത്തനമെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു. ചടങ്ങിൽ വൈസ് ചെയർമാൻ ഇ.എസ് സുഭാഷ്, അക്കാദമി സെക്രട്ടറി അനിൽ ഭാസ്‌കർ,ദി ഹിന്ദു സീനിയർ ഡെപ്യൂട്ടി എഡിറ്റർ സരസ്വതി നാഗരാജൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ കെ.രാജഗോപാൽ, അക്കാദമി ജനറൽ കൗൺസിൽ അംഗം സ്മിത ഹരിദാസ് , പബ്ലിക് റിലേഷൻസ് വിഭാഗം അധ്യാപിക വി. ജെ വിനീത എന്നിവർ സംസാരിച്ചു.
ദുരന്തഭൂമിയായി മാറിയ വയനാടിന് സാന്ത്വനമേകാൻ
കേരളമേ പോരൂ... വയനാടിനായി ലോകമേ ഒന്നിയ്ക്കാം'' എന്ന സന്ദേശവുമായി കേരള മീഡിയ അക്കാദമിയും സ്വരലയയും ചേർന്ന് പുറത്തിറക്കിയ ഡോ. കെ ജെ യേശുദാസ് പാടിയ സാന്ത്വനഗീതം വേദിയിൽ അവതരിപ്പിച്ചു.
കേരള മീഡിയ അക്കാദമി ബിരുദാനന്തര കോഴ്‌സുകളുടെ പ്രവേശന ഉദ്ഘാടനം ഏഷ്യൻ സ്‌കൂൾ ഓഫ് ജേണലിസം ചെയർമാനുമായ ശശികുമാർ നിർവഹിക്കുന്നു