/kalakaumudi/media/media_files/2025/01/11/2I86WVMMnBMWu8vQdfSd.jpg)
സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില തുടരും.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസാണ്. അതിനാല്‍, സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാള്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയരുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുണ്ടാക്കുന്ന അന്തരീക്ഷത്തിന് സാദ്ധ്യതയുണ്ട്. പകല്‍ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെ പുറത്തിറങ്ങുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം. സൂര്യാഘാതത്തിന് സാദ്ധ്യതയുള്ളതിനാല്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സും കൂടുതലാണ്. ജനങ്ങള്‍ ധാരാളം വെള്ളം കുടിക്കണമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ വകുപ്പും നല്‍കിയിട്ടുണ്ട്.