പാലക്കാട്ട് ഇതുവരെ പിടിച്ചെടുത്തത് 2.76 കോടിയുടെ വസ്തുക്കള്‍

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ആറു വരെയുള്ള കണക്കാണിത്. ഇതില്‍ 1.56 കോടി രൂപ പണമായാണു പിടിച്ചെടുത്തിട്ടുള്ളത്.

author-image
Prana
New Update
police jeep

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്കായി തെരഞ്ഞെടുപ്പ് കമ്മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്‌ക്വാഡുകളുടെയും പൊലീസ്, എക്‌സൈസ്, ആദായ നികുതി തുടങ്ങി വകുപ്പുകളുടെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ ജില്ലയില്‍ നിന്നും ഇതുവരെ പിടിച്ചെടുത്തത് 2.76 കോടി രൂപയുടെ വസ്തുക്കള്‍. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ ആറു വരെയുള്ള കണക്കാണിത്.
ഇതില്‍ 1.56 കോടി രൂപ പണമായാണു പിടിച്ചെടുത്തിട്ടുള്ളത്. 23.9 ലക്ഷം രൂപ വില വരുന്ന 12064.15 ലിറ്റര്‍ മദ്യവും, 93.21 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് ഉള്‍പ്പെടെയുള്ള 189.96 കിലോഗ്രാം മയക്കുമരുന്നും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. പണമായി പിടിച്ചെടുത്തതില്‍ 49.82 ലക്ഷം രൂപ സംസ്ഥാന പോലീസും 1.07 കോടി രൂപ ആദായ നികുതി വകുപ്പുമാണു പിടിച്ചെടുത്തിട്ടുള്ളത്. പിടികൂടിയ മദ്യത്തില്‍ 6239.15 ലിറ്റര്‍ പോലീസിന്റെയും 5825 ലിറ്റര്‍ എക്‌സൈസിന്റെയും നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. പിടികൂടിയ മയക്കുമരുന്നില്‍ 67.9കിലോഗ്രാം പൊലീസും 122 കിലോഗ്രാം എക്‌സൈസുമാണ് പിടികൂടിയിട്ടുള്ളത്.
ഇതോടൊപ്പം പോലീസിന്റെ നേതൃത്വത്തില്‍ 2.26 കോടി രൂപ വിലവരുന്ന വജ്രവും, വേലന്താവളത്ത് വെച്ച് 11.5 ലക്ഷം രൂപയും, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമിന്റെ നേതൃത്വത്തില്‍ രണ്ടു ലക്ഷം രൂപയും പിടികൂടിയിരുന്നു. മതിയായ രേഖ ഹാജരാക്കിയതിനാല്‍ ഇവ തിരിച്ചു നല്‍കുകയും ചെയ്തു.

Palakkad by-election money Squad