/kalakaumudi/media/media_files/2026/01/04/jaga-2026-01-04-09-49-29.jpg)
തിരുവനന്തപുരം: മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് 75-ാം പിറന്നാള്‍. ജഗതി മലയാളസിനിമയില്‍നിന്നു വിട്ടു നിന്നിട്ട് 12വര്‍ഷങ്ങള്‍ പിന്നിടുന്നു. ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വെള്ളിത്തിരയില്‍ നിറഞ്ഞാടട്ടെ എന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ ആശംസിക്കുന്നത്. സ്വാഭാവിക അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച ജഗതിയുടെ കഥാപാത്രങ്ങളെ ഒരിക്കലും മലയാളി മറക്കാനിടയില്ല.
1951 ജനുവരി അഞ്ചിന് തിരുവനന്തപുരത്തെ ജഗതിയിലാണു ശ്രീകുമാര്‍ ജനിച്ചത്. നാടകാചാര്യനും എഴുത്തുകാരനുമായിരുന്ന ജഗതി എന്‍.കെ.ആചാരിയുടെ മകനാണ്. സ്‌കൂള്‍ കാലം മുതല്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പഠനശേഷം കുറച്ചു നാള്‍ മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്തു. കെ.എസ്.സേതുമാധവന്റെ കന്യാകുമാരി (1974) ആണ് ആദ്യ ചിത്രം. 1975 ല്‍ റിലീസായ ചട്ടമ്പിക്കല്യാണിയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. 1500 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
2012 മാര്‍ച്ച് 10 ന് മലപ്പുറത്തുവച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതിനു ശേഷം സിനിമയില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. സിനിമയില്‍ സജീമല്ലെങ്കിലും ഇന്നും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ മലയാളി നസ്സുകളില്‍ ജഗതി നിറഞ്ഞു നില്‍ക്കുന്നു. മൂന്നു വര്‍ഷം മുമ്പ് രണ്ടു പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം കഴിഞ്ഞ വര്‍ഷം മമ്മൂട്ടി നായകനായെത്തിയ സിബിഐ അഞ്ചാം ഭാഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അമ്പിളിക്കല മാഞ്ഞ ആകാശം കണക്കെ, അമ്പിളിച്ചേട്ടനില്ലാതെ മലയാള സിനിമ മുന്നോട്ട് നീങ്ങുന്നു. ചെറു നക്ഷത്രങ്ങള്‍ പലതും ഇടയ്ക്ക് മിന്നിത്തെളിയുന്നുണ്ട്. എന്നാലും അമ്പിളി കണക്കെ പുഞ്ചിരി തൂകി ആരെയും മയക്കാന്‍ അവര്‍ക്കായില്ലെന്നതാണ് സത്യം. സിനിമയില്‍ മാറ്റങ്ങളുടെ കാലമായിരുന്നു. ഏറെയും ചെറുപ്പക്കാരുടെ പരീക്ഷണ ചിത്രങ്ങള്‍. ജഗതി ആരോഗ്യത്തോടെ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരം ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകരെ വിസ്മയിപ്പിക്കും എന്നത് ഉറപ്പ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അസാന്നിധ്യം മലയാളസിനിമയ്ക്ക് തീരാത്ത നഷ്ടം തന്നെ.
ജഗതിക്കു പകരം വെയ്ക്കാന്‍ ജഗതി മാത്രമേയുള്ളൂ. അദ്ദേഹത്തിനൊരു പകരക്കാരനെ സ്വപ്നം കാണാന്‍ പോലും പറ്റില്ല. ചിലപ്പോഴൊക്കെ ജഗതിയുടെ കാലം കഴിഞ്ഞെന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നു. പക്ഷേ, അങ്ങനെ കരുതിയവരെപ്പോലും വിസ്മയിപ്പിച്ച് സ്വന്തമൊരിടം മലയാള സിനിമയില്‍ സൃഷ്ടിക്കുകയും ഇപ്പോഴും അതേപടി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം.
അടൂര്‍ ഭാസിയും ബഹദൂറുമൊക്കെ അരങ്ങുവാണിരുന്ന കാലത്താണ് ജഗതി സിനിമയില്‍ വരുന്നത്. പപ്പു, മാള അരവിന്ദന്‍, മാമുക്കോയ, ജഗദീഷ്, കലാഭവന്‍ മണി, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി നിരവധി ആളുകള്‍ ഹാസ്യത്തിന്റെ വഴിയേ വന്നു. ഇവരെല്ലാം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവര്‍ തന്നെയാണ്. എന്നാല്‍ ജഗതിയെപ്പോലെ ജഗതി മാത്രം.
മോഹന്‍ലാല്‍, ശ്രീനിവാസന്‍, ജയറാം, ദിലീപ് എന്നിവര്‍ നായകവേഷത്തോടൊപ്പം തന്നെ കോമഡിയും ചെയ്യുന്നവരായിരുന്നു. പക്ഷേ, ഇവരുടെ ശ്രദ്ധേയമായ കോമഡി വേഷങ്ങള്‍ പരിശോധിച്ചാല്‍ മറ്റൊരു സത്യം വെളിപ്പെടും. ആ സിനിമകളിലെല്ലാം കൂടെ അഭിനയിക്കാന്‍ ജഗതിയുമുണ്ടായിരുന്നു! പ്രതിഭകള്‍ ഒന്നിക്കുമ്പോള്‍ ഒരാള്‍ മറ്റൊരാള്‍ക്ക് പ്രചോദനമാകുന്നു എന്നര്‍ഥം.
മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് 2007ല്‍ പുറത്തിറങ്ങിയ 'ഛോട്ടാ മുംബൈ'. തലയായി മോഹന്‍ലാലും നടേശനായി കലാഭവന്‍ മണിയുമെല്ലാം നിറഞ്ഞാടിയ ചിത്രം കഴിഞ്ഞ വര്‍ഷം റീ- റിലീസായും തിയേറ്ററുകളില്‍ എത്തിയിരുന്നു.
ആക്ഷന്‍- കോമഡി എന്റര്‍ടെയ്‌നറായെത്തിയ ചിത്രത്തില്‍ 'പടക്കം ബഷീര്‍' എന്ന കഥാപാത്രമായി മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറും തകര്‍ത്ത് അഭിനയിച്ചിരുന്നു. ഡയലോഗുകള്‍ക്കൊണ്ടും ലുക്കുകൊണ്ടും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ പടക്കം ബഷീര്‍ ഇപ്പോള്‍ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുകയാണ്.
എഐ ഉപയോഗിച്ച് സൃഷ്ടിച്ച പടക്കം ബഷീറിന്റെ ഒരു തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നത്. 'aigigs10' എന്ന അക്കൗണ്ടാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി കാഴ്ചകളും ലൈക്കുകളുമാണ് വീഡിയോയ്ക്കു ലഭിക്കുന്നത്.
അപകടത്തെ തുടര്‍ന്ന് ഏറെക്കാലമായി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. ഇപ്പോഴും അദ്ദേഹം പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല. 2022ല്‍ പുറത്തിറങ്ങിയ 'സിബിഐ5- ദ ബ്രെയ്ന്‍' എന്ന ചിത്രത്തിലെ നിര്‍ണായകമായൊരു രംഗത്തില്‍ ജഗതി അഭിനയിച്ചിരുന്നു. അരുണ്‍ ചന്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'വല' എന്ന ചിത്രത്തിലും ജഗതി ശ്രീകുമാര്‍ അഭിനയിച്ചിട്ടുണ്ട്. പ്രൊഫസര്‍ അമ്പിളി അഥവാ അങ്കില്‍ ലൂണ.ആര്‍ എന്ന കഥാപാത്രമായാണ് ജഗതി ചിത്രത്തിലെത്തുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
