/kalakaumudi/media/media_files/2026/01/16/susan-3-2026-01-16-09-44-30.jpg)
തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ രണ്ട് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയത് സിപിഎം കേന്ദ്രങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുരുതര ആരോപണം നേരിടുന്ന വ്യക്തിയെ വീണ്ടും പാര്‍ട്ടിയിലും പോഷകസംഘടനകളിലും ഉന്നതസ്ഥാനങ്ങള്‍ നല്‍കിയാല്‍ അത് തിരഞ്ഞൈടുപ്പിനെ ബാധിക്കുമെന്നതിനാലാണ് മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ ഒഴിവാക്കിയത്.
സംസ്ഥാന ജോയിന്‍ സെക്രട്ടറി സ്ഥാനത്തു നിന്നാണ് മാറ്റിയത്. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ പ്രതിയായ ദിവ്യയെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഇരിണാവ് ബ്രാഞ്ചിലേക്ക് നേരത്തെ തരംതാഴ്ത്തിയിരുന്നു.
സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സൂസന്‍ കോടിയെയും മാറ്റി. കരുനാഗപ്പള്ളിയിലെ പാര്‍ട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള വിഭാഗിയതയുടെ പേരില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സൂസന്‍ കോടിയെ ഒഴിവാക്കിയിരുന്നു. കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.സലീഖയാണ് പുതിയ പ്രസിഡന്റ്. സെക്രട്ടറി സ്ഥാനത്ത് സി.എസ്.സുജാത തുടരും. ഇ.പത്മാവതിയെ ട്രഷററായി തിരഞ്ഞെടുത്തു.
പി.പി.ദിവ്യ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയതെന്നും മൂന്ന് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത് കണക്കിലെടുത്താണ് സൂസണ്‍ കോടിയെ മാറ്റിയത് എന്നും അഖിലേന്ത്യാ അധ്യക്ഷ പി.കെ.ശ്രീമതി പറഞ്ഞു. അതേസമയം, പി.പി.ദിവ്യയെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
