എയിഡ്സ് കാരിയർ എന്ന വിളിപ്പേരുള്ള അതിമാരക മയക്ക് മരുന്ന് ആംപ്യൂളുകളുമായി 'ജപ്പാൻ പപ്പനും' സുഹൃത്തും പിടിയിൽ

നഗരത്തിൽ അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികൾക്ക് ഉൻമാദ ലഹരി പകരുവാൻ എത്തിച്ച ലോറെ സെപാം ഇഞ്ചക്ഷൻ ഐ.പി [ലോറാസെപാം ഇൻജക്ഷൻ ഐ.പി] എന്ന മാരക മയക്കുമരുന്നു മായി രണ്ട് പേർ എക്സൈസിൻ്റെ പിടിയിലായി.

author-image
Shyam
Updated On
New Update
WhatsApp Image 2026-02-11 at 9.02.41 PM

കൊച്ചി: നഗരത്തിൽ അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാർട്ടികൾക്ക് ഉൻമാദ ലഹരി പകരുവാൻ എത്തിച്ച ലോറെ സെപാം ഇഞ്ചക്ഷൻ ഐ.പി [ലോറാസെപാം ഇൻജക്ഷൻ ഐ.പി] എന്ന മാരക മയക്കുമരുന്നു മായി രണ്ട് പേർ എക്സൈസിൻ്റെ പിടിയിലായി. ആലുവ കരുമാലൂർ, കൊറ്റൻകുളങ്ങര പല്ലാക്കപ്പറമ്പ്, അനൂപ് കെ.കെ. (40) ആലുവ ദേശം കടവ് സ്വദേശി മണിവിലാസം വീട്ടിൽ പ്രഭാകരൻ (ജപ്പാൻ പപ്പൻ) (31) എന്നിവരാണ് ഡെപ്യൂട്ടി കമ്മിഷണറുടെ സ്പെഷ്യൽ ഇൻ്റലിജൻസ് ടീം, ആലുവ റേഞ്ച് എക്സൈസ് എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്.

WhatsApp Image 2026-02-11 at 7.18.50 PM-1

ഇവരുടെ പക്കൽ നിന്ന് 4 ലോറെസെപാം മയക്ക് മരുന്ന് ആപ്യൂളുകളും, ഇത് കുത്തി വയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചുകളും, മയക്ക് മരുന്ന് ഉപയോഗിക്കുമ്പോൾ ശർദ്ദിക്കാതിരിക്കാനുള്ള ഒരു ആംപ്യൂളുകളും കണ്ടെടുത്തു. മയക്ക് മരുന്ന് കച്ചവടം ചെയ്യാൻ ഉപയോഗിച്ചിരുന്ന ന്യൂജനറേഷൻ ബൈക്കും, സ്മാർട്ട് ഫോണുകളും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. അടിവസ്ത്രത്തിൽ പ്രത്യേകം അറകൾ നിർമ്മിച്ച് അതിൽ ആയിരുന്നു ആംപ്യൂളുകൾ ഒളിപ്പിച്ചിരുന്നത്. ഉപഭോക്താക്കളുടെ ഇടയിൽ "ജപ്പാൻ പപ്പൻ" എന്ന് അറിയപ്പെടുന്ന പ്രഭാകരനും, സുഹൃത്ത് അനൂപും മയക്ക് മരുന്ന് കച്ചവടം തുടങ്ങിയിട്ട് ഏറെ നാളുകളായി എങ്കിലും ഒരുമിച്ച് പിടിയിലാക്കുന്നത് ഇത് ആദ്യമായാണ്. അമിത ഭയം , ഉത്കണ്ഠ, എന്നിങ്ങനെയുള്ള മാസസീക വിഭ്രാന്തികൾ നേരിടുന്നവർക്ക് സമാശ്വാസത്തിനായയും,അപസ്മാരം,ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള സെഡേഷൻ, ക്യാൻസർ രോഗികൾക്ക് വേദന സംഹാരി എന്നീ അവസ്ഥകൾക്കും രോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഒരു ബെൻസോഡിയാസെപൈൻ മരുന്നാണ് ലോറെസെപാം. ഇതിന്റെ അനാവശ്യമായ ഉപയോഗം പേശികളുടെ ബലഹീനത, ശ്വാസമെടുക്കാനുള്ള പ്രയാസം, അമിത രക്ത സമർദ്ദം എന്നിവയ്ക്ക് ഇടയാകുവാനും മനുഷ്യ ശരീരത്തിലെ നാഡീവ്യൂഹങ്ങൾക്ക് സാരമായ ക്ഷതം സംഭവിക്കുവാനും മൂകമായ അവസ്ഥയിൽ എത്തിച്ചേരുവാനും ഇതേ തുടർന്ന് ഹൃദയാഘാതം വരെ സംഭവിക്കാൻ ഇടയാക്കുന്നതാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എയ്ഡ്സ് കാരിയർ എന്ന വിളിപ്പേരുള്ള മാരക മയക്കു മരുന്നായ ഇഞ്ചക്ഷൻ ആപ്യൂളുകൾ പിടിച്ചെടുക്കുന്നത്. ഇത് ഉപയോഗിക്കുന്നവർ ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തി വയ്ക്കുന്നതാണ് രീതി. നേരത്തെ വ്യാജ കുറിപ്പടി ഉപയോഗിച്ച് മെഡിക്കൽ സ്റ്റോറുകൾ പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് ഇത്തരം ആംപ്യൂളുകൾ വാങ്ങുന്നത് വ്യാപകമായതോടെ എക്സൈസ് പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ ഇതിന് പൂർണ്ണമായും തടയിടാൻ കഴിഞ്ഞിരുന്നു. ഷെഡ്യൂൾഡ് എച്ച് 1 വിഭാഗത്തിൽപ്പെടുന്ന ഈ മയക്ക് മരുന്ന് വളരെ അപൂർവ്വം മെഡിക്കൽ ഷോപ്പുകളിലൂടെ മാത്രമേ ലഭ്യമാകൂ. ഈ മയക്ക് മരുന്ന് ഗുളികകൾ ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ വഴി ലഭിക്കുന്ന ഒന്നാണ്. ഈ ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുകളിൽ ഒന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടറുടെ കൈവശവും മറ്റൊന്ന് മെഡിക്കൽ സ്റ്റോറുകളിൽ വയ്ക്കുന്നതിനും മൂന്നാമത്തേത് രോഗിയുടെ കൈവശം സൂക്ഷിക്കുന്നതിനുമാണ്. ഈ മയക്ക് മരുന്ന് ഗുളികകൾ സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് കടത്തികൊണ്ട് വന്നിട്ടുള്ളതാണെന്നാണ് പ്രാഥമികമായ നിഗമനം. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും, ഈ മയക്ക് മരുന്നുകളുടെ ഉറവിടം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. ആലുവ പ്രൈവറ്റ് ബസ്റ്റാൻ്റിന് പടിഞ്ഞാറ് വശം ന്യൂജനറേഷൻ ബൈക്കിൽ മയക്ക് മരുന്ന് കൈമാറാൻ ഇടനിലക്കാരനെ കാത്തിരിക്കുകയായിരുന്ന ഇരുവരും എക് സൈസ് സാന്നിധ്യം തിരിച്ചറിഞ്ഞ് മയക്ക് മരുന്നും ബൈക്കും ഉപേക്ഷിച്ച് ആലുവ പ്രൈവറ്റ് ബസ്റ്റാൻ്റിന് അകത്ത് കൂടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം പിൻ തുടർന്ന് ചെന്ന് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഇവർ മാരക അക്രമം അഴിച്ച് വിട്ടത് സംഭവം കണ്ട് നിന്നവരിൽ ഭീതി പടർത്തി. ഇവരിൽ നിന്ന് മയക്ക് മരുന്ന് വാങ്ങി ഉപയോഗിച്ചവരെ കണ്ടെത്തി എക്സൈസിൻ്റെ സൗജന്യ ലഹരിമുക്ത കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള നടപടിക്കൊരുങ്ങുകയാണ് എക്സൈസ്. ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ ഇൻ്റലിജൻസ് സ്ക്വാഡിലെ ഇൻസ്പെക്ടർ സിജോ വർഗ്ഗീസ്, പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത് ആർ നായർ, ജെ അരവിന്ദ് എന്നിവരും ആലുവ എക്സൈസ് റേഞ്ചിലെ ഇൻസ്പെക്ടർ ജോമോൻ ജോർജ്ജ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ആൻ്റണി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു സോമൻ, ആകാശ് കൃഷ്ണ, നിതിൻ, എക്സൈസ് ഡ്രൈവർ കബീർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

exice department