നടൻ ജയസൂര്യക്കെതിരായ കേസ്: സംവിധായകൻ ബാലചന്ദ്ര മേനോന്റെ മൊഴിയെടുക്കും

സെക്രട്ടേറിയറ്റിൽ ഷൂട്ടിങ് അനുവദിച്ചതിന്റെ വിശദാംശങ്ങൾ തേടി സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിനു നോട്ടീസ് നൽകി. സെക്രട്ടറിയേറ്റിൽ വച്ചു നടന്ന ലൈംഗികാതിക്രമം ആയതിനാൽ അതീവ ഗൗരവത്തോടെയാണ് സർക്കാരും പൊലീസും സംഭവത്തെ കൈകാര്യം ചെയ്യുന്നത്. 

author-image
Vishnupriya
New Update
bala
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരായ യുവനടിയുടെ കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്റെ മൊഴി എടുക്കും. ജയസൂര്യ നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്നു പറയപ്പെടുന്ന സിനിമയുടെ സംവിധായകൻ ബാലചന്ദ്ര മേനോനായിരുന്നു. സെക്രട്ടേറിയറ്റിലെ ഷൂട്ടിങ്ങിനിടെ അതിക്രമം നടന്നുവെന്നാണു കേസ്. അതോടൊപ്പം, പരാതിയിൽ സിനിമയുടെ മറ്റു സാങ്കേതിക പ്രവർത്തകരുടെയും മൊഴിയെടുക്കും. നടി നൽകിയ മൊഴിയിൽ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാകും രേഖപ്പെടുത്തുക. 

അതേസമയം, സെക്രട്ടേറിയറ്റിൽ ഷൂട്ടിങ് അനുവദിച്ചതിന്റെ വിശദാംശങ്ങൾ തേടി സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിനു നോട്ടീസ് നൽകി. സെക്രട്ടറിയേറ്റിൽ വച്ചു നടന്ന ലൈംഗികാതിക്രമം ആയതിനാൽ അതീവ ഗൗരവത്തോടെയാണ് സർക്കാരും പൊലീസും സംഭവത്തെ കൈകാര്യം ചെയ്യുന്നത്. 

ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടി 7 പരാതികളാണു ജയസൂര്യ ഉൾപ്പെടെയുള്ളവർക്കെതിരെ നൽകിയിരിക്കുന്നത്. മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, കോൺഗ്രസ് നേതാവ് വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിങ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ തുടങ്ങിയവരാണു മറ്റ് ആരോപണ വിധേയർ.

സെക്രട്ടേറിയറ്റിലെ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവച്ചു കടന്നുപിടിച്ചു ലൈംഗികമായി അതിക്രമം നടത്തിയതിനു ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകൾ ചുമത്തിയാണു ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണു ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

jayasurya director balachandran