/kalakaumudi/media/media_files/2026/01/02/jayasurya-2026-01-02-08-07-56.jpg)
കൊച്ചി:'സേവ് ബോക്സ്' ലേല ആപ്പുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി ജയസൂര്യ. ഇത് നുണ പ്രചരണമാണെന്നും ഇ.ഡി മൂന്നാം തവണ ചോദ്യം ചെയ്യാനായി സമന്‍സ് അയച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇതു മാധ്യമങ്ങള്‍ നുണ വിളമ്പുന്ന കാലമാണെന്നും പരസ്യവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ നാളെ എന്തൊക്കെ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് ഊഹിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം:
''നുണ പ്രചരണം മാധ്യമ ധര്‍മമാവുമ്പോള്‍
രണ്ട് ദിവസമായി എന്നെ കുറിച്ചുള്ള നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാന്‍. കാരണം എനിക്ക് സമന്‍സ് തന്നു, 7 ആം തിയതി ഞാന്‍ വീണ്ടും ഹാജരാകണം എന്ന് പറഞ്ഞ് തുടങ്ങിയതാണ് ഈ നുണ പ്രചരണം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചാനലിലൂടെ സമന്‍സ് കിട്ടുന്നതല്ലാതെ നേരിട്ട് ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെ എനിക്കോ, എന്റെ ഭാര്യയ്‌ക്കോ ഇ.ഡി യില്‍ നിന്ന് അങ്ങനെയൊരു സമന്‍സ് ലഭിച്ചിട്ടില്ല. 24 ന് ഹാജരാകണം എന്ന സമന്‍സ് കിട്ടി ഞാന്‍ ഹാജരായി. 29 നും ഹാജരാകണമെന്ന് പറഞ്ഞു. അതിനും ഞങ്ങള്‍ ഹാജരായിരുന്നു. അല്ലാതെ 7 ആം തിയതി വീണ്ടും ഹാജരാകാനുള്ള സമന്‍സ് ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.
നമ്മളെ പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ നാളെ എന്തൊക്കെ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് നമുക്ക് ആര്‍ക്കെങ്കിലും ഇന്ന് ഊഹിക്കാന്‍ പറ്റുമോ?
എല്ലാവിധ സാമ്പത്തിക നടപടികളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവില്‍ അടക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു സാധാരണ പൗരന്‍ മാത്രമാണ് ഞാന്‍.
വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി ജനങ്ങളില്‍ എത്തിക്കാന്‍ ബാധ്യസ്ഥരായ മാധ്യമങ്ങള്‍ ഈ വിധം അധഃപതിക്കുന്നത് കാണുമ്പോള്‍ സഹതപിക്കുകയേ നിര്‍വ്വാഹമുള്ളൂ...
മാധ്യമങ്ങള്‍ നുണ വിളമ്പുന്ന കാലം... എന്താല്ലേ!''
അതേ സമയം ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിനു ജയസൂര്യക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോള്‍ ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്. സേവ് ബോക്‌സ് ആപ്പ് നിക്ഷേപമെന്ന പേരില്‍ നൂറോളം പേരില്‍നിന്നു കോടികള്‍ തട്ടിച്ചതിന് ഇതിന്റെ ഉടമ തൃശൂര്‍ സ്വദേശി സ്വാതിക് റഹീമിനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിനിമ മേഖലയുമായി അടുത്ത ബന്ധമുള്ളയാളാണ് സ്വാതിക് റഹീം. തട്ടിപ്പില്‍നിന്നും ലഭിച്ച പണമാണോ ജയസൂര്യക്ക് പ്രതിഫലമായി സ്വാതിക് നല്‍കിയതെന്നാണ് ഇപ്പോള്‍ ഇ.ഡി പരിശോധിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
