ബേബി ഷാംപൂ ബോട്ടിലിൽ ഉത്പന്നത്തക്കുറിച്ചുള്ള വിവരങ്ങൾ വായിക്കാൻ കഴിയുന്നില്ലെവന്ന പരാതിയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിക്ക് 60,000 രൂപ പിഴ. ഇടപ്പള്ളി സ്വദേശിയുടെ പരാതിയിൽ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറത്തിന്റേതാണ് ഉത്തരവ്. സംഭവത്തിൽ തെറ്റായ റിപ്പോർട്ട് നൽകിയ ലീഗൽ മെട്രോളജിയിലെ രണ്ട് ഉദ്യോഗസ്ഥർക്കു 15 ദിവസത്തിൽ കുറയാത്ത പരിശീലനം നൽകണമെന്നു ഫോറം നിർദേശിച്ചു.
ജോൺസൺ ആൻഡ് ജോൺസൺ, റിലയൻസ് റീട്ടെയ്‌ൽ ലിമിറ്റഡ്, ലീഗൽ മെട്രോളജി വകുപ്പ് അസിസ്റ്റന്റ് കൺട്രോളർ എന്നിവർക്കെതിരെയാണ് ഇടപ്പള്ളി സ്വദേശി വേണുഗോപാലപിള്ള പരാതി സമർപ്പിച്ചത്. 35,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകണം. 25,000 രൂപ കൺസ്യൂമർ ലീഗൽ എയ്ഡ് ഫണ്ടിലേക്കും അടയ്ക്കണം.
100 മില്ലി ജോൺസൺ ആൻഡ് ജോൺസൺ ബേബി ലോഷൻ ബോട്ടിലിൽ യൂസേജ്, ഇൻഗ്രീഡിയന്റ്‌സ് എന്നിവ രേഖപ്പെടുത്തിരിക്കുന്നത് 2011-ലെ ലീഗൽ മെട്രോളജി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നാണ് പരാതി. ബോട്ടിലിലെ വിവരങ്ങൾ അവ്യക്തമാണെന്നും ഭൂതക്കണ്ണാടി ഉപയോഗിച്ചു മാത്രമേ വായിക്കാൻ കഴിയൂയെന്നും പരാതിയിൽ വ്യക്താക്കി. ലീഗൽ മെട്രോളജി വകുപ്പിന് ഉൾപ്പെടെ പരാതി നൽകിയെങ്കിലും നടപടിയും സ്വീകരിച്ചില്ലെന്നും എതിർകക്ഷിയുടെ അനുചിതമായ വ്യാപാര രീതി തടയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
ലേബലിലെ അക്ഷരങ്ങൾക്കു നിയമാനുസൃത വലുപ്പമുണ്ടെന്നായിരുന്നു വെന്ന് ജോൺസൻ ആൻഡ് ജോൺസൺ കമ്പനിയുടെ വാദിച്ചിരുന്നു. നിർമാതാക്കൾ നൽകുന്ന ഉൽപ്പന്നങ്ങളാണ് ചില്ലറ വിൽപ്പനക്കാർ വിൽക്കുന്നതെന്നും നിയമം അനുശാസിക്കുന്ന വലുപ്പം ലേബലിലെ അക്ഷരങ്ങൾക്കുണ്ടെന്നും റിലയൻസ് റീട്ടെയ്‌ലും വാദിച്ചു.
2011 ലെ ലീഗൽ മെട്രോളജി ചട്ട പ്രകാരമുള്ള വലുപ്പം ലേബലിലെ അക്ഷരങ്ങൾക്കുണ്ടെന്ന് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ രണ്ടു തവണ രേഖാമൂലം സാക്ഷ്യപ്പെടുത്തിയിരുന്നു. തുടർന്ന് പരാതിക്കാരന്റെ ആവശ്യപ്രകാരം രണ്ട് ബോട്ടിലുകളുടെ ലേബൽ പരിശോധിക്കാനായി വിദഗ്ധനെ ഫോറം നിയോഗിച്ചു. ലേബലുകളിൽ ചട്ടവിരുദ്ധമായാണു വിവരങ്ങൾ അച്ചടിച്ചതെന്നും വായിക്കാൻ കഴിയുന്നില്ലെന്നും വിദഗ്ധപരിശോധനാ റിപ്പോർട്ട് വ്യക്തമാക്കി.