എൻഡിഎയിൽ ചേർന്നത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് ;സാബു എം ജേക്കബ്

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം പതിന്മടങ്ങ് വികസനത്തിലേക്ക് പോകുകയാണ്. ആന്ധ്ര വികസനത്തിൽ മുന്നേറാൻ കാരണമായത് കേന്ദ്രം ഭരിക്കുന്ന സഖ്യകക്ഷിയുടെ ഭാഗമായിട്ടാണ്

author-image
Devina
New Update
sabu

കൊച്ചി: എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും പിഡിപിയും ഉൾപ്പടെ 25 പാർട്ടികൾ ചേർന്ന് തങ്ങളെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ മുന്നണിയായ എൻഡിഎയുടെ ഭാഗമായതെന്ന് സാബു എം ജേക്കബ്. ആധുനിക തലമുറയ്ക്കും നാടിന് ആവശ്യവുമായ മാറ്റമാണ് ട്വന്റി 20 ഇതിലൂടെ സ്വീകരിച്ചത്.

 ഇത്തരമൊരു തീരുമാനം ഏകക്ഷീയമായിരുന്നില്ലെന്നും സാബു കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ചർച്ച ചെയ്താണ് തീരുമാനം എടുത്തത്. സ്വതന്ത്രമായി നിന്നാൽ മതിയെന്ന് പറഞ്ഞവരുണ്ട്. യുഡിഎഫിന്റെ കൂടെ കൂടണമെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു. എന്നാൽ എൽഡിഎഫിലേക്ക് പോകണമെന്ന അഭിപ്രായം ആരും പറഞ്ഞില്ല, ഭൂരിഭാഗം പേരും എൻഡിഎയ്‌ക്കൊപ്പം ചേരണമെന്നാണ് പറഞ്ഞത്.

 തുടർന്ന് യുക്തമായ തീരുമാനം എടുക്കാൻ പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.ട്വന്റി 20 എന്ന പാർട്ടി ദേശീയ ശ്രദ്ധ ആകർഷിക്കുന്ന തലത്തിലേക്ക് മാറി, ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്ന സാഹചര്യത്തിലേക്ക് വളർന്നു. എൻഡിഎയിൽ ചേരാനുള്ള തീരുമാനം കേരളത്തിന്റെ വികസനത്തിനുള്ള കുതിപ്പ് ആയിട്ടാണ് തങ്ങൾ കാണുന്നത്. ഏഴുപതിറ്റാണ്ടുകളായി കേരളത്തെ മാറി മാറി ഭരിച്ച് ഇടതും വലതും 50 വർഷം പുറകിലോട്ട് കൊണ്ടുപോയി.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം പതിന്മടങ്ങ് വികസനത്തിലേക്ക് പോകുകയാണ്. ആന്ധ്ര വികസനത്തിൽ മുന്നേറാൻ കാരണമായത് കേന്ദ്രം ഭരിക്കുന്ന സഖ്യകക്ഷിയുടെ ഭാഗമായിട്ടാണ്. ഇന്ന് ലക്ഷക്കണക്കിന് വിദേശനിക്ഷേപമാണ് അവിടേക്ക് ഒഴുകുന്നത്. ഈ ഒരു സഖ്യത്തിലൂടെ എന്തുകൊണ്ട് കേരളം ആന്ധ്രാപ്രദേശ് ആയിക്കൂടാ?, ഗുജറാത്ത് ആയിക്കൂടാ?, ഇന്ത്യയിലെ വികസനം പ്രാപിക്കുന്ന സംസ്ഥാനമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് സാബു പറഞ്ഞു

സിപിഎമ്മും കോൺഗ്രസും ട്വന്റി 20 എൻഡിഎയിലേക്ക് പോയതിൽ മുതലകണ്ണീർ ഒഴുക്കുകയാണ്. പരസ്പരം തെറിവിളിച്ചവർ ഒരേ വാഹനത്തിൽ അരിവാളും കൈപ്പത്തിയുമുള്ള ചിഹ്നം കെട്ടി കൊടിയുമായി പോയപ്പോൾ ഇവരുടെ ആശയം എവിടെപ്പോയി?. ഒരുതവണയല്ല തുടർച്ചയായി ഇന്ത്യ ഭരിക്കുന്ന സർക്കാരിനോടാണ് ഞങ്ങൾ സഖ്യം ഉണ്ടാക്കിയത്. അല്ലാതെ കേരളം കട്ടുമുടിച്ച് നശിപ്പിച്ച് ഇന്നത്ത സാഹചര്യമാക്കിയ ഇടതിനോടോ വലതിനോട അല്ലെന്നും സാബു പറഞ്ഞു.