/kalakaumudi/media/media_files/2025/12/16/kcm-2025-12-16-12-05-40.jpg)
കോട്ടയം: യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ തള്ളി കേരള കോണ്‍ഗ്രസ് എം നേതൃത്വം. എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാര്‍ട്ടി നേതാക്കളെ അറിയിച്ചു എന്നാണ് വിവരം. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്ന് ഓര്‍മ്മിപ്പിച്ചായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.
നിലവിലെ ചര്‍ച്ചകളില്‍ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തും. തിരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ മുന്നണി വിടില്ലെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പ്രതികരിച്ചു.
മുന്നണി വിടാന്‍ ആയിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നു. തിരഞ്ഞെടുപ്പ് പരാജയം ഉണ്ടായാല്‍ മുന്നണി വിടുന്ന രീതി നിലവില്‍ ഇല്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അങ്ങനെയെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ മുന്നണി വിടാമായിരുന്നു. യുഡിഎഫ് നേതാക്കള്‍ ക്ഷണിക്കുന്നത് പാര്‍ട്ടിയുടെ അടിത്തറ കണ്ടിട്ടാണ്.
എല്‍ഡിഎഫില്‍ എത്തിയ ശേഷമാണ് പാര്‍ട്ടിയുടെ ശക്തി യുഡിഎഫിന് ബോധ്യമായത്. പി ജെ ജോസഫ് യുഡിഎഫില്‍ തെറ്റിധാരണയുണ്ടാക്കുകയായിരുന്നു. പി ജെ ജോസഫ് ഇപ്പോള്‍ നടത്തുന്നത് അപക്വമായ പ്രസ്താവനകളാണെന്നും സ്റ്റീഫന്‍ ജോര്‍ജ് വിമര്‍ശിച്ചു. പരാജയം ഉണ്ടായാല്‍ പാര്‍ട്ടി തകരുമെങ്കില്‍ ജോസഫ് ഗ്രൂപ്പ് കേരളത്തിലുണ്ടാകില്ലായിരുന്നുവെന്നും സ്റ്റീഫന്‍ ജോര്‍ജ് പരിഹസിച്ചു. മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് ഒരു അടിസ്ഥാനവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
