/kalakaumudi/media/media_files/2025/03/24/0byb7QYU4RwuLyOLbdh9.jpg)
കൊച്ചി: പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന സഭാ തര്‍ക്കത്തില്‍ സ്ഥാനാരോഹണത്തിന് മുന്നോടിയായി നിലപാട് വ്യക്തമാക്കി നിയുക്ത യാക്കോബായ സഭാധ്യക്ഷന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത. യാക്കോബായ, ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ ഒന്നിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സഭകള്‍ക്കിടയിലെ സമാധാന ശ്രമങ്ങള്‍ക്കാണ് തന്റെ ആദ്യ പരിഗണനയെന്ന് പ്രതികരിച്ചു.
യാക്കോബായ, ഓര്‍ത്തഡോക്സ് സഭകളുടെ ലയനം പ്രായോഗികമല്ലെന്ന് പറഞ്ഞ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ഇരുസഭകളും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടു. മലങ്കര സഭയിലെ സമാധാനത്തിനാണ് തന്റെ പ്രഥമ പരിഗണന. സഹോദരീ സഭകളാണെന്ന് ഇരുകൂട്ടരും അംഗീകരിക്കണം.
സമാധാന ശ്രമങ്ങള്‍ക്ക് യാക്കോബായ സഭ തയാറാണ്. ഓര്‍ത്തഡോക്സ് വിഭാഗവുമായി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിക്കാന്‍ തയ്യാറാണ്. ഇരുകൂട്ടരും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണം. പളളി പിടിച്ചെടുക്കുന്നത് നിര്‍ത്തണം. ഇരുസഭകളുടെയും തലപ്പത്തുനിന്നാണ് ഐക്യ ശ്രമങ്ങള്‍ തുടങ്ങേണ്ടതെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി.
നേരത്തെ പുതിയ കാതോലിക്കയെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യാക്കോബായ സഭയ്ക്കെതിരെ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ രംഗത്തെത്തിയിരുന്നു. പുതിയ കാതോലിക്കയെ വാഴിക്കാനുളള തീരുമാനം സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഓര്‍ത്തഡോക്സ് സഭ.
സമാന്തര അധികാര കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്ന് ഓര്‍ത്തഡോക്സ് സഭ വിമര്‍ശിക്കുന്നു. അതിന് ഓശാന പാടാനാണ് സര്‍ക്കാര്‍ പ്രതിനിധികളും രാഷ്ടീയ പാര്‍ട്ടികളുടെ പ്രതിനിധികളും ലബനനിലേക്ക് പോകുന്നത്. മലങ്കര സഭയില്‍ സമാന്തര ഭരണത്തിനുളള ശ്രമമാണ് പാത്രയര്‍ക്കീസ് നടത്തുന്നത്. മറ്റൊരു സഭയെങ്കില്‍ പള്ളിയടക്കമുളള ഭൗതിക സൗകര്യങ്ങള്‍ യാക്കോബായ വിഭാഗം തിരികെ നല്‍കണമെന്നും ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു.