മാധ്യമപ്രവര്‍ത്തനം അപകടകരമായ ഘട്ടത്തില്‍: എഎന്‍ ഷംസീര്‍

മാധ്യമപ്രവര്‍ത്തകരെ നിയമങ്ങള്‍ ഉപയോഗിച്ച് നിശബ്ദരാക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. സെന്‍സര്‍ഷിപ്പിന്റെയും ഐടി നിയമങ്ങളുടെയും പേരില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുകയാണ്.

author-image
Prana
New Update
shamseer

മാധ്യമപ്രവര്‍ത്തനം അപകടകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. മാധ്യമപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്കിരയാകുന്ന രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമപുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകരെ നിയമങ്ങള്‍ ഉപയോഗിച്ച് നിശബ്ദരാക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. സെന്‍സര്‍ഷിപ്പിന്റെയും ഐടി നിയമങ്ങളുടെയും പേരില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുകയാണ്. അഭിപ്രായസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഏറ്റവും ശക്തമായ ഭരണഘടനയുള്ള രാജ്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ പേരില്‍ ലോകത്തിന് മുന്നില്‍ അപകമാനിക്കപ്പെടുകയാണ്. ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ വിഴുങ്ങുക - കഴിഞ്ഞ പത്ത് വര്‍ഷമായി മാധ്യമപ്രവര്‍ത്തകരോടുള്ള ഭരണകൂടത്തിന്റെ സമീപനം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തികളാണ്. വളയാതെ, ഒടിയാതെ, നട്ടെല്ല് നിവര്‍ത്തി അഭിപ്രായം പറയാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളുള്ളതിനാല്‍ ചിലപ്പോള്‍ ആ അഭിപ്രായങ്ങള്‍ പുറത്തുവരണമെന്നില്ല. പക്ഷേ, ഒരു ആത്മ സംതൃപ്തി എങ്കിലും ലഭിക്കും. യൂട്യൂബര്‍ ധ്രുവ് റാത്തിയെ പോലെ ശക്തമായി പ്രതികരിക്കാന്‍ എത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്ന് സാധിക്കുമെന്നും സ്പീക്കര്‍ ചോദിച്ചു. രാജ്യത്തിന് പുറത്ത് നില്‍ക്കുന്നത് കൊണ്ടാണ് ധ്രുവ് റാത്തിക്ക് ഇത്ര ധീരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതെന്നും ഇന്ത്യയിലാണെങ്കില്‍ അദ്ദേഹത്തെയും നിശബ്ദനാക്കുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിനുള്ള പി ഉണ്ണിക്കൃഷ്ണന്‍ അവാര്‍ഡ് ബി എല്‍ അരുണിനും, മികച്ച സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിനുള്ള മുഷ്താഖ് അവാര്‍ഡ് ടി സൗമ്യക്കും, മികച്ച സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിക്കുള്ള അവാര്‍ഡ് ആറ്റ്!ലി ഫെര്‍ണാണ്ടസിനും സ്പീക്കര്‍ സമ്മാനിച്ചു.
ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് ട്രഷറര്‍ പി പ്രജിത്ത് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. കെ യു ഡബ്ലൂ ജെ സംസ്ഥാന പ്രസിഡന്റ് കെ പി റജി, കെ ഡി എഫ് എ സെക്രട്ടറി ഷാജേഷ് കുമാര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി പി കെ സജിത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി വി ജോഷില നന്ദിയും പറഞ്ഞു.

 

speaker an shamseer award journalism