മുനമ്പം വഖഫ് ഭൂമി പ്രശ്‌നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുനമ്പത്തെ താമസക്കാരെ ആരെയും കുടിയിറക്കാതെ പ്രശ്‌നം പരിഹരിക്കും. മുനമ്പം പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഇന്നു തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണു തീരുമാനം.
ഭൂമിയുടെ ഉടമസ്ഥാവകാശവും ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടമായതുമടക്കം കമ്മീഷന്‍ പരിശോധിക്കും. നിയമപരമായ പരിഹാരമാണ് ലക്ഷ്യം. കരം സ്വീകരിക്കാന്‍ നിയമ നടപടിയെടുക്കും. കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. ഇനി ഒഴിപ്പിക്കല്‍ നോട്ടീസുകളും നടപടികളും ഉണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.
അതേസമയം ജുഡീഷ്യല്‍ കമ്മീഷനെ വച്ചത് ശാശ്വത പരിഹാരമായി കാണുന്നില്ലെന്നാണു സമരക്കാര്‍ പറയുന്നത്. പ്രശ്‌നപരിഹാരം ഇനിയും നീണ്ടുപോകാനാണ് സാധ്യത. ഇനിയും പറ്റിക്കരുതെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
സിദ്ദിഖ് സേഠ് ഫാറൂഖ് കോളജിനു ദാനമായി നല്‍കിയ 404 ഏക്കര്‍ ഭൂമിയുടെ പേരിലാണ് മുനമ്പത്തെ തര്‍ക്കം. ഭൂമി വഖഫ് സ്വത്തായി 2019ല്‍ വഖഫ് ബോര്‍ഡ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിദ്യാഭ്യാസ ആവശ്യത്തിനു നല്‍കിയ ഭൂമി അതിനായി ഉപയോഗിച്ചില്ലെന്നും അതിനാല്‍ വഖഫിന്റെ വസ്തുവല്ലെന്നും പ്രതിഷേധക്കാര്‍ വാദിക്കുന്നു. താമസിക്കുന്ന ഭൂമി വില കൊടുത്തു വാങ്ങിയതാണെന്നും നികുതി അടച്ചിരുന്നുവെന്നും അവര്‍ പറയുന്നു.
റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ സമരം ആരംഭിച്ചിരുന്നു. സമരം 43 ദിവസം പിന്നിട്ടപ്പോഴാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിര്‍ണായക നീക്കം.