കൊച്ചി: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളി പ്രതിപക്ഷം. പൂരം കലക്കിയ സംഭവത്തിൽ ആരോപണ വിധേയൻ തന്നെ അന്വേഷിച്ച റിപ്പോർട്ടാണ് അതെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
'കമ്മിഷണറാണ് കുഴപ്പമുണ്ടാക്കിയത് എന്നാണ് അന്ന് സർക്കാർ പറഞ്ഞത്. അതുകൊണ്ട് കമ്മിഷണറെ മാറ്റിനിർത്തി. പക്ഷേ പിന്നീടാണ് പുറത്തുവന്നത് ഈ എ.ഡി.ജി.പി മുഴുവൻ സമയവും അവിടെ ഉണ്ടായിരുന്നു എന്ന്. കമ്മിഷണർ കുഴപ്പമുണ്ടാക്കിയാൽ എ.ഡി.ജി.പി. നോക്കിയിരിക്കുമോ? അതിന്റെ മീതെയുള്ള മുഖ്യമന്ത്രി നോക്കിയിരിക്കുമോ?' -വി.ഡി. സതീശൻ ചോദിച്ചു.
'ഇന്റലിജൻസ് സംവിധാനങ്ങൾ ഇല്ലേ? മുഖ്യമന്ത്രി അറിഞ്ഞല്ലോ. എന്തുകൊണ്ട് മുഖ്യമന്ത്രി ഇടപെട്ടില്ല? സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പി. എന്തുകൊണ്ട് ഇടപെട്ടില്ല? ഇവരെല്ലാം അറിഞ്ഞുകൊണ്ട് നടത്തിയ ഗൂഢാലോചനയാണ്. ഒറ്റ ഫോൺ കോളിൽ കമ്മിഷണർ നിക്കില്ലേ അവിടെ. അല്ലെങ്കിൽ എ.ഡി.ജി.പി. അവിടെ ചെന്ന് കമ്മിഷണറെ നിയന്ത്രിക്കില്ലേ? എന്തിനാണ് എ.ഡി.ജി.പി.അനൗദ്യോഗികമായിട്ടാണെങ്കിലും അവിടെ ക്യാമ്പ് ചെയ്തത്?' -വി.ഡി. സതീശൻ തുടർന്നു.
ബി.ജെ.പിക്കും ഗൂഢാലോചനയിൽ പങ്കുണ്ട്. ഉത്സവം കലക്കി തിരഞ്ഞെടുപ്പ് ജയിക്കാൻ വേണ്ടി സി.പി.എമ്മുമായി ചേർന്ന് ബി.ജെ.പി ഗൂഢാലോചന നടത്തിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.